electronic voting machines; suprem court snend to notice ec

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു.

വോട്ടിങ് യന്ത്രങ്ങളെപ്പറ്റി വിവിധ നേതാക്കള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ എം.എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. എന്നാല്‍ വിഷയത്തില്‍ സി.ബി.ഐയ്ക്ക് നോട്ടീസ് അയയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ബി.എസ്.പി നേതാവ് മായാവതി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരാണ് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ ആദ്യം സംശയമുന്നയിച്ച് രംഗത്ത് വന്നിരുന്നത്.

വോട്ടര്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്നാണ് മായാവതി ആരോപിച്ചത്.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മായാവതി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ പലതവണ അവസരം നല്‍കിയിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു

Top