ബിജെപി പാവങ്ങളുടെ പണം തട്ടിയെടുത്ത് സമ്പന്നര്‍ക്ക് നല്‍കുന്നു; രാഹുല്‍ ഗാന്ധി

Rahul Gandhi

മൈസൂരു: ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബിജെപി പാവപ്പെട്ട ജനങ്ങളുടെ പണം തട്ടിയെടുത്ത് ധനികര്‍ക്ക് നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൈസൂരുവിലെ ചാമ രാജനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ മടി കാണിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുജനത്തിന്റെ 25 ലക്ഷം കോടി രൂപ ധനികര്‍ക്കായി എഴുതിത്തള്ളിയെന്നും അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ധനം വിദ്യാഭ്യാസം, ആരോഗ്യം, കര്‍ഷക ക്ഷേമം എന്നി ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ വിനിയോഗിച്ച തുകയുടെ പകുതിയോളം സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ണാടകയില്‍ മാത്രം വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനികര്‍ക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് മോദി നോട്ട് നിരോധനത്തിലൂടെ നല്‍കിയതെന്നു കുറ്റപ്പെടുത്തിയ രാഹുല്‍ നോട്ട് മാറ്റിയെടുക്കാന്‍ ഏതെങ്കിലും കോടീശ്വരന്‍ ബാങ്കിനു മുന്നില്‍ വരി നില്‍ക്കുന്നത് കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു.

അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജയിലിലായ ചരിത്രമുള്ള ബിജെപിക്ക് അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Top