ചെങ്ങന്നൂരിലേക്ക് നേതാക്കള്‍ ഒഴുകുന്നു . . തിളച്ചുമറിയുന്ന മണ്ഡലം പിടിക്കാന്‍ ‘ബ്രഹ്മാസ്ത്രം’

ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വഴിതിരിവുണ്ടാക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊടി പാറുന്ന പ്രചരണം. ഇടതുപക്ഷം സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശക്തികേന്ദ്രം തിരിച്ചു പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. ബി.ജെപിയാകട്ടെ ഇരുമുന്നണികളെയും ഞെട്ടിച്ച് അട്ടിമറി നേടാമെന്ന പ്രതീക്ഷയിലാണ്.

മൂന്ന് വിഭാഗങ്ങള്‍ക്കും പ്രതീക്ഷ വച്ചു പുലര്‍ത്താവുന്ന മണ്ഡലം തന്നെയാണ് ചെങ്ങന്നൂര്‍ എന്നത് കഴിഞ്ഞ തവണ നേടിയ വോട്ടുകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഇടതു പക്ഷ സ്ഥാനാര്‍ത്ഥി 52880 വോട്ടു നേടിയപ്പോള്‍ യു.ഡി.എഫ് 44897 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. രണ്ടു മുന്നണികളെയും ഞെട്ടിച്ച ബി.ജെ.പി 42682 വോട്ട് നേടുകയുണ്ടായി. ഈ കണക്ക് തന്നെയാണ് വാശിയേറിയ മത്സരത്തിന് ചെങ്ങന്നൂരിനെ വേദിയാക്കിയിരിക്കുന്നത്.

പിണറായി സര്‍ക്കാറിനെ സംബന്ധിച്ച് ഭരണത്തിനുള്ള ജനങ്ങളുടെ വിധിയെഴുത്തായിരിക്കും എന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വിജയിക്കാന്‍ പറ്റിയില്ലങ്കില്‍ രണ്ടാം സ്ഥാനത്തെങ്കിലും വോട്ട് വര്‍ധിപ്പിച്ച് തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യാപരമാകും. ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് ഇല്ലാതെ തന്നെ കരുത്ത് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.

c5c5d5f1-6f4c-45f8-91e7-305b00e1a161

വരും ദിവസങ്ങളില്‍ ഇടതുപക്ഷത്തിന്റെ ക്രൗഡ് പുള്ളറായ വി.എസ് അച്ചുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കാനെത്തും. കോണ്‍ഗ്രസ്സില്‍ നിന്നും അവരുടെ ക്രൗഡ് പുളളര്‍ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ സജീവമാണ്. എ.കെ. ആന്റണി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാന്‍ എത്തും.

ബി.ജെ.പിക്ക് വേണ്ടി ഇപ്പോള്‍ ഏറ്റവും അധികം ആളുകളെ ആകര്‍ഷിക്കുന്നത് നടന്‍ സുരേഷ് ഗോപി എം.പി യുടെ പര്യടനമാണ്. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ കൂടുതലായി എത്തും. വിവിധ മേഖലകളില്‍ നിന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിയോഗിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സംഘ പരിവാര്‍ ക്യാംപ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കായി നടത്തുന്നത്.

സി.പി.എമ്മിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളും വര്‍ഗ്ഗ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും മണ്ഡലത്തില്‍ തീവ്ര പ്രചരണത്തിലാണ്. മന്ത്രിമാരുടെ പടയും സജീവമാണ്.

കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് | കെ.എസ്.യു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി രംഗത്തുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്.

6f3f34b4-4f76-4b7e-94f2-e58c16626913

കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍ ചെങ്ങന്നൂരിലെ പ്രധാന പ്രചരണായുധമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. കുതിരക്കച്ചവടത്തെ ബി.ജെ.പി പോത്സാഹിപ്പിക്കുന്നതായ ആരോപണത്തെ കോണ്‍ഗ്രസ്സ് – ഇടത് സഖ്യം തുറന്നു കാട്ടിയാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. പിണറായി മന്ത്രിസഭയില്‍ ജെ.ഡി.എസ് മന്ത്രി ഇരിക്കുമ്പോള്‍ കര്‍ണ്ണാടകയില്‍ അവര്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തതും പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്സ് – സി.പി.എം കൂട്ടുകെട്ടുമെല്ലാം ബി.ജെ.പി ആയുധമാക്കുന്നുണ്ട്.

ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇടതുപക്ഷവും വലതുപക്ഷവും എന്നതിനാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാനാണ് ആഹ്വാനം. മുതിര്‍ന്ന നേതാക്കള്‍ എത്തുന്നതോടെ കൂടുതല്‍ കലങ്ങിമറിയുന്ന ചെങ്ങന്നൂരില്‍ ഇപ്പോള്‍ പ്രവചനം അസാധ്യമാണ്.

Top