ഇരട്ട പദവി ; എഎപിയിലെ 20 എം.എല്‍.എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

Arvind Kejriwal

ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ 20 എം.എല്‍.എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പദവിയാണ് ഇവര്‍ വഹിച്ചിരുന്നത്. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നാണ് നടപടി.

ഇവരെ അയോഗ്യരാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു.

മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ആണ് പരാതി നല്‍കിയിരുന്നത്. തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാരും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

എം.എല്‍.എമാരെ ഉടന്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കേണ്‍ഗ്രസ്സ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇതോടെ ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു.

ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Top