ജനജാഗ്രതാ യാത്രയിലെ വിവാദ കാര്‍ യാത്ര, കോടിയേരിയെ പിന്തുണച്ച് എളമരം കരീം

Elamaram-Kareem.jpg.image.784.410

തിരുവനന്തപുരം: ജനജാഗ്രതാ യാത്രയില്‍ കള്ളക്കടത്ത് കേസിലെ പ്രതിയുടെ മിനി കൂപ്പര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് സി.പി.എം നേതാവ് എളമരം കരീം.

സ്വീകരണ വേദികളില്‍ ജാഥാ ലീഡറെ ആനയിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടാകുമെന്നും വാഹനത്തില്‍ കയറുന്നതിനുമുമ്പ് അത് ആരുടേതാണെന്ന് വ്യക്തത വരുത്താന്‍ ജാഥാലീഡര്‍ക്കാകില്ലെന്നും പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’യില്‍ എഴുതിയ ലേഖനത്തില്‍ എളമരം പറഞ്ഞു.

ജനജാഗ്രതാ യാത്രയുടെ വാഹനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ഏര്‍പ്പെടുത്തിയതാണ്. ജാഥാ ലീഡറും അംഗങ്ങളും തൃശൂര്‍ വരെ സഞ്ചരിക്കുന്നത് ഈ വാഹനങ്ങളിലാണ്. ചില സ്വീകരണകേന്ദ്രങ്ങളില്‍ ജാഥാ ലീഡറെ സ്വീകരിച്ചാനയിക്കുന്നതിന് തുറന്ന വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വീകരണകേന്ദ്രങ്ങളിലെ സംഘാടകസമിതിക്കാണ്.

ജാഥാ ലീഡര്‍ അലങ്കരിച്ച വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തിനടുത്ത് എത്തുമ്പോള്‍, ലീഡറെ തുറന്ന വാഹനത്തില്‍ കയറ്റി യോഗവേദിയിലേക്ക് ജാഥയായി ആനയിക്കും. കൊടുവള്ളിയിലും സംഭവിച്ചത് അതാണ്. സംഘാടക സമിതി നേരത്തെ ഒരു തുറന്ന വാഹനം ഏര്‍പ്പാട് ചെയ്തിരുന്നുവെന്നും എളമരം പറഞ്ഞു.

ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെയുള്ള എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ വെപ്രാളംപൂണ്ടവര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ജനജാഗ്രതാ യാത്രയിലെ വാഹന വിവാദം. എല്‍.ഡി.എഫിനെ അധിക്ഷേപിക്കുന്നതിന് ബി.ജെ.പിക്കും യു.ഡി.എഫിനും ഒരേ സ്വരമാണ് എന്നത് യാദൃച്ഛികമല്ല. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്കും സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയഭീഷണിക്കുമെതിരെ കോണ്‍ഗ്രസും യു.ഡി.എഫും മൃദുസമീപനമാണ് കൈക്കൊള്ളുന്നതെന്നും കരീം ആരോപിച്ചു.

Top