Egypt extends Al Jazeera journalist’s detention

കെയ്‌റോ: അറസ്റ്റിലായ അല്‍ജസീറ വാര്‍ത്താ അവതാരകന്‍ മഹമ്മൂദ് ഹുസൈന്റെ കസ്റ്റഡി കാലാവധി ഈജിപ്ത് നീട്ടി . 15 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി ഈജിപ്ഷ്യന്‍ കോടതി നീട്ടിയത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഭരണകൂടത്തിനെതിരായി കൃത്രിമമായി വാര്‍ത്ത ചമച്ചു എന്ന കുറ്റം ചുമത്തിയാണ് ഹുസൈനെ അറസ്റ്റ് ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് ഹുസൈനെ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. പിന്നീട് അല്‍ജസീറ ഒദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്. ഹുസൈനെ എത്രയും വേഗം മോചിപ്പിക്കണമെന്നും അല്‍ജസീറ ആവശ്യപ്പെട്ടിരുന്നു.

51കാരനായ ഹുസൈന്‍ ഈജിപ്ഷ്യന്‍ പൗരനാണ്. കുടുംബവുമൊന്നിച്ച് കെയ്‌റോയിലേക്ക് വിനോദയാത്ര പോകവെ ഹുസൈനെ അന്വേഷണസംഘം വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഡിസംബര്‍ 23ന് കെയ്‌റോയിലെ ഹുസൈന്റെ വീട് റെയ്ഡ് ചെയ്തിരുന്നു.

2011ലാണ് ഹുസൈന്‍ അല്‍ജസീറയുടെ ഈജിപ്ത് ഓഫീസില്‍ പ്രവേശിക്കുന്നത്. പിന്നീട് 2013ല്‍ ഖത്തറിലെ ആസ്ഥാനത്തേക്ക് മാറുകയായിരുന്നു. ഹുസൈനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേശീയ സുരക്ഷാ ഏജന്‍സി അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളുടെ വീടുകളും റെയ്ഡ് നടത്തുകയും അവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടവരെ വിട്ടയച്ചു.

ഹുസൈന് തന്റെ അഭിഭാഷകനുമായി സംസാരിക്കുന്നതിന് പോലും അവസരം നല്‍കിയില്ലെന്ന പരാതിയുണ്ട്. അതിന് പുറമെ കുടുംബാംഗങ്ങളെ കാണുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. രാജ്യസുരക്ഷയുടെ പേരില്‍ അടുത്തിടെയായി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നിരവധി അല്‍ജസീറ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top