ഈജിപ്തില്‍ യൂട്യൂബിന് ഒരു മാസത്തേക്ക് കോടതി വിലക്ക്; വിധി അന്തിമം

YouTube

കെയ്‌റോ: ഈജിപ്തില്‍ ഒരു മാസത്തേക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി. അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകളും ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിനും മുഹമ്മദ് ഹമീദ് സലിം എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.

2012ല്‍ ‘ഇന്നസെന്‍സ് ഓഫ് മുസ്ലിം’ എന്ന പേരില്‍ പുറത്തിറങ്ങിയ 13 മിനിട്ടുള്ള ട്രെയിലര്‍ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തതാണ് കേസിന് വഴിയൊരുക്കിയത്. 2013ലാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. വിധി അന്തിമമാണെന്നും അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പരാതിയുടെ അടിസ്ഥാനത്തില്‍ യൂട്യൂബിനെ ബ്ലോക്ക് ചെയ്യാന്‍ വിവരസാങ്കേതിക മന്ത്രാലയത്തോട് കോടതി ഉത്തരവിട്ടു. കോടതി വിധി അവര്‍ക്കുള്ള ശിക്ഷയാണെന്നും ഇത് കമ്പനിക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും പരാതി നല്‍കിയ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Top