ന്യൂനപക്ഷപദവി നല്‍കാന്‍ കമ്മീഷന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി

supreame court

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷപദവി നല്‍കാന്‍ കമ്മിഷന് നേരിട്ട് അധികാരമില്ലെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. ന്യൂനപക്ഷപദവി നല്‍കാന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മിഷന് പൂര്‍ണ്ണ അധികാരമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. ബംഗാളിലെ ക്ലൂണി വിമന്‍സ് കോളേജിന് ന്യൂനപക്ഷ പദവി നല്‍കിയതുസംബന്ധിച്ച കേസിലാണ് ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, ആര്‍.എഫ്. നരിമാന്‍ എന്നിവരുടെ വിധി.

കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ആശ്വാസം പകരുന്ന വിധിയാണിത്. സുപ്രീംകോടതിയുടെ തീരുമാനം മറിച്ചായിരുന്നെങ്കില്‍, കമ്മിഷനില്‍നിന്ന് നേരിട്ട് ന്യൂനപക്ഷപദവി നേടിയ സ്ഥാപനങ്ങള്‍ക്കെല്ലാം അത് നഷ്ടമാകുമായിരുന്നു. സര്‍ക്കാരില്‍ നിന്ന് പ്രതികൂല തീരുമാനമുണ്ടാകാനും തീരുമാനം വൈകാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നേരിട്ട് കമ്മിഷനെ സമീപിക്കുകയാണ് പതിവ്. കേരളത്തിലേതുള്‍പ്പെടെ ഒട്ടുമിക്ക സ്ഥാപനങ്ങള്‍ക്കും കമ്മിഷന്‍ നേരിട്ട് പദവി നല്‍കിയിരുന്നു.

കോളേജ് തുടങ്ങുമ്പോള്‍ ന്യൂനപക്ഷപദവിയോ ആനുകൂല്യമോ വേണമെന്ന് സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് ഓഫ് ക്ലൂണി സൊസൈറ്റിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയെയും അറിയിച്ചിരുന്നു.

1998-ല്‍ ബംഗാള്‍ സര്‍ക്കാര്‍ കോളേജിന് അനുമതി നല്‍കിയിരുന്നു. 2004-ല്‍ സര്‍വകലാശാല സ്ഥിരം അഫിലിയേഷനും നല്‍കി. തുടര്‍ന്നാണ് ന്യൂനപക്ഷപദവിയാവശ്യപ്പെട്ട് കോളേജ് ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനെ സമീപിച്ചത്. 2007-ല്‍ കമ്മിഷന്‍ ന്യൂനപക്ഷപദവി നല്‍കി. ഇത് ചോദ്യംചെയ്താണ് സംസ്ഥാന സര്‍ക്കാരും സര്‍വകലാശാലയും ഹൈക്കോടതിയിലെത്തിയത്.

ന്യൂനപക്ഷപദവി നല്‍കാന്‍ കമ്മിഷന് നേരിട്ട് അധികാരമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ തള്ളിയാല്‍ മാത്രമേ കമ്മിഷന് തീരുമാനമെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കല്‍ക്കട്ട ഹൈക്കോടതിവിധി റദ്ദാക്കിയത്.

എന്‍.സി.എം.ഇ.ഐ. നിയമത്തിലെ 11(എഫ്) വകുപ്പ് പ്രകാരം ന്യൂനപക്ഷപദവി നല്‍കാന്‍ കമ്മിഷന് നേരിട്ട് അധികാരമുണ്ടെന്നാണ് (ഒറിജിനല്‍ ജൂറിസ്ഡിക്ഷന്‍) സുപ്രീംകോടതി വ്യക്തമാക്കിയത്. അലഹാബാദ് ഹൈക്കോടതി 2015-ല്‍ സമാനമായ വിധി പറഞ്ഞിരുന്നു. എന്‍.സി.എം.ഇ.ഐ. നിയമം 2004-ല്‍ നിലവില്‍ വരുന്നതിന് മുന്‍പാണ് കോളേജ് സ്ഥാപിച്ചത്. അതിനാല്‍ പിന്നീട് പദവി ലഭിക്കാന്‍ കമ്മിഷനെ നേരിട്ട് സമീപിക്കുകയല്ലാതെ മാര്‍ഗമില്ലായിരുന്നുവെന്ന് കോളേജിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ്ങും റോമി ചാക്കോയും വാദിച്ചു. എന്നാല്‍, സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഇതിനെ എതിര്‍ത്തു. മതേതര സ്ഥാപനമായി ആരംഭിച്ചശേഷം പിന്നീട് ആവശ്യപ്പെടുമ്പോള്‍ ന്യൂനപക്ഷപദവി നല്‍കാമോയെന്ന വിഷയം വീണ്ടും കമ്മിഷന്റെ പരിഗണനയ്ക്കുതന്നെ വിടാന്‍ ധവാന്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.

Top