ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം.

വിദ്യാഭ്യാസ വായ്പ തുകയുടെ 60 ശതമാനം വരെ സര്‍ക്കാര്‍ സഹായം നല്കുന്ന പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.

2.4 ലക്ഷം രൂപവരെ ആനുകൂല്യം നല്കാനാണ് തീരുമാനം. 2016 മാര്‍ച്ച് 31നു മുന്‍പു കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് പരിഗണിക്കുന്നത്. ധനമന്ത്രി ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.

ആറു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40 ശതമാനത്തിനുമുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനപരിധി ഒന്‍പതു ലക്ഷമായിരിക്കും.

ഒന്‍പതുലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശികയില്‍ മുതലില്‍ അടച്ച തുക കിഴിച്ച് ബാക്കിയുള്ള 50 ശതമാനത്തിനാകും ആനുകൂല്യം നല്കുക. ഇതിലും 2.4 ലക്ഷമായിരിക്കും പരമാവധി നല്കുക.

ബാക്കി അടയ്‌ക്കേണ്ട തുക ബാങ്കുകള്‍ പുനഃക്രമീകരിച്ചു നല്‍കണം. നാലുലക്ഷം വരെയുള്ള വായ്പാ തുകയുടെ 40 ശതമാനം അടച്ചുകഴിഞ്ഞവര്‍ക്ക് ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ നല്‍കും. സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന സമിതിയുമായി ആലോചിച്ച് ബാങ്കുകളുമായി നേരിട്ടായിരിക്കും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുന്നത്.

വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം മരണമടഞ്ഞ വിദ്യാര്‍ഥികളുടെ വായ്പാ തുകയും അപകടത്തെത്തുടര്‍ന്നു അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാ തുകയും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരുഭാഗവും സര്‍ക്കാര്‍ ഏറ്റെടുക്കും.

ജോലി ലഭിക്കാത്തതിനെത്തുടര്‍ന്നു വായ്പാ തിരിച്ചടവിനു സാധിക്കാത്ത കുട്ടികള്‍ക്കു ജോലിലഭിക്കുന്നതു വരെ (പരമാവധി നാലുവര്‍ഷം) വായ്പാ തുകയുടെ ഒരുവിഹിതം സര്‍ക്കാര്‍ വഹിക്കും.

ആദ്യവര്‍ഷം അടയ്‌ക്കേണ്ട തുകയുടെ 90 ശതമാനവും രണ്ടാം വര്‍ഷത്തെ 75 ശതമാനവും മൂന്നാം വര്‍ഷത്തെ 50 ശതമാനവും നാലാം വര്‍ഷത്തെ 25 ശതമാനവുമാകും സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നത്. ബാക്കി തുക കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കുമാത്രം പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കിയാല്‍ മതിയെന്നും മന്ത്രിസഭാ തീരുമാനിച്ചു.

Top