ജപ്പാനിലെ ഭൂചലനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരുക്ക്

ടോക്കിയോ: ജപ്പാനിലെ ഒസാകയില്‍ ശക്തമായ ഭൂചലനത്തില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌കൂള്‍ ഭിത്തി തകര്‍ന്നുവീണ് ഒന്‍പതുവയസ്സുകാരിയും, നഗരത്തിലെ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് എണ്‍പതുകാരനുമാണു മരിച്ചത്. വീട്ടിലെ ബുക്ക് ഷെല്‍ഫ് മറിഞ്ഞു വീണ് ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

earth-2

രാവിലെ തിരക്കേറിയ സമയത്താണു റിക്ടര്‍ സ്‌കെയിലിന് 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി സാധ്യതയില്ലെന്നും ആണവനിലയങ്ങള്‍ക്കു ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

earth-4

ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഒന്നരലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. തുടര്‍ചലനങ്ങളുണ്ടായതിനെ തുടര്‍ന്നു പ്രദേശത്തു ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകള്‍ തകരാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.

earth-5

2011 മാര്‍ച്ചില്‍ പസിഫിക് സമുദ്രത്തിലെ അതിശക്തമായ ഭൂചലനത്തിനു പിന്നാലെയുണ്ടായ സുനാമിയില്‍ ജപ്പാനില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഫുകുഷിമ ആണവനിലയത്തിലെ മൂന്നു റിയാക്ടറുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തത്തിനാണു ജപ്പാന്‍ അന്നു സാക്ഷ്യംവഹിച്ചത്.

Top