റെയില്‍വെ ടിക്കറ്റ് വില്‍പ്പനയില്‍ 2000 കോടിയുടെ അധിക ലാഭം

ഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-2017 കാലഘട്ടത്തില്‍ റെയില്‍വെയുടെ ടിക്കറ്റ് വില്‍പ്പനയില്‍ 2000 കോടിയുടെ അധിക ലാഭം ലഭിച്ചതായി റെയില്‍വെ അധികൃതര്‍. റെയില്‍വെ സഹമന്ത്രി മന്ത്രി രാജന്‍ ഗോഹെയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.

2015-2016 കാലഘട്ടത്തിലെ ടിക്കറ്റ് വില്‍പ്പനയില്‍ 17,204.06 കോടി രൂപ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയും സാധാരണ വില്‍പ്പനയില്‍ 28.119 കോടി രൂപയുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2016-2017 കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 19,209 കോടി രൂപയും ഓഫ് ലൈന്‍ ബുക്കിങ്ങിലൂടെ 28,468.81 കോടി രൂപയുമാണ് ലഭിച്ചത്. 2015- 2016 കാലഘട്ടത്തില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 45,323.93 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2354.16 കോടി അധിക തുക ലഭ്യമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.

യാത്രക്കാര്‍ ഇനി നീണ്ട ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടി ട്രെയിന്‍ ടിക്കറ്റുകള്‍ എടുക്കേണ്ടതില്ലെന്നും ഇതിനായി പുതിയ സൗകര്യങ്ങള്‍ റെയില്‍വെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ബുക്കിങ്ങ് ചെയ്യാത്ത ടിക്കറ്റുകള്‍ എന്നിവ ഇനി പേപ്പര്‍ലെസ് അഥവാ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കാനുള്ള സൗകര്യമാണ് റെയില്‍വെ അധികൃതര്‍ ഒരുക്കിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ ചില സ്റ്റേഷനുകളില്‍ ഇത് ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍, പടിഞ്ഞാറന്‍ മേഖല,കിഴക്കന്‍ മേഖല, സൗത്ത് സെന്‍ട്രല്‍, സതേണ്‍ മേഖല, സൗത്ത്-ഇസ്റ്റേണ്‍ മേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Top