വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു: പരാതിയുമായി ഡി.വൈ.എഫ്.ഐ. വനിതാ നേതാവ്

MARRIAGE

തൃശ്ശൂര്‍: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതി.

ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമാണ് ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

പ്രശ്‌നം പരിഹരിക്കാന്‍ മണലൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്തു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് യോഗം നടന്നത്. മുരളി പെരുനെല്ലി എം.എല്‍.എ.യും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം യോഗത്തില്‍ വ്യക്തമായ തീരുമാനം ആയില്ലെന്നാണ് സൂചന.

സഹകരണ ബാങ്കിന്റെ ഉത്തരവാദിത്വംകൂടിയുള്ള ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഡി.വൈ.എഫ്.ഐ. വനിതാനേതാവ് പരാതി നല്‍കിയത്. ഏരിയാ കമ്മിറ്റി അംഗത്തിന്റെ വിവാഹം നിശ്ചയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. വളരെക്കാലമായി ഇയാളുമായി അടുപ്പത്തിലായിരുന്ന ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

തിങ്കളാഴ്ചയ്ക്കകം പരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും ഇവര്‍ പറഞ്ഞിരുന്നതായാണ് അറിയുന്നത്. ഇതേത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി അടിയന്തരയോഗം വിളിച്ചത്.

ബാങ്ക് സ്ഥാനം നിലനിര്‍ത്താന്‍ ഇദ്ദേഹം പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം രാജിവെച്ചതിനെതിരേയും വിമര്‍ശനം ഉണ്ടായിരുന്നു.

Top