dyfi joint secretary preethy shekar stand against social media

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കഡ്ജു ഡി.വൈ.എഫ്.ഐ നേതാക്കളെ ഇംഗ്ലീഷ് പഠിപ്പിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയിന്റ്‌
സെക്രട്ടറി പ്രീതി ശേഖര്‍ രംഗത്ത്.

ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും ചേര്‍ന്ന് വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് പ്രീതി ആരോപിച്ചു.

ഏതു ഭാഷയേക്കാളും കഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ ഭാഷ ഞങ്ങള്‍ക്കറിയാമെന്നും ആ ഭാഷ കൂടുതല്‍ സ്വായത്തമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയെന്നും, പക്ഷേ കൂട്ടത്തിലൊരു മനുഷ്യജീവന്‍ കൊല്ലപ്പെട്ടുകിടക്കുമ്പോഴും സങ്കുചിതമായ രാഷ്ട്രീയ വിരോധം ആളി കത്തിക്കുന്ന നിങ്ങളുടെയൊക്കെ മനസ്സിന്റെ വൈകല്യമുണ്ടല്ലോ അതത്ര എളുപ്പത്തില്‍ മാറ്റാന്‍കഴിയുന്നതല്ലന്നും ഡി.വൈ.എഫ്.ഐ നേതാവ് തുറന്നടിച്ചു.

പ്രീതി ശേഖറിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ

ലയാളത്തില്‍ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹവും സങ്കടകരവുമായ ചില ദുഷ്പ്രചാരങ്ങളാണ് ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.

ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളില്‍ പലതുംആവേശകരമാകുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് മാത്രമല്ല. അതിന്റെ വൈകാരികമായ അംശം കൂടി ചേര്‍ന്ന്‌നില്‍ക്കുമ്പോഴാണ്. രസില രാജുവിന്റെകൊലപാതകവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നടത്തിയ ക്യാമ്പയിന്‍ അത്തരത്തില്‍ ഒന്ന്തന്നെയായിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വാര്‍ത്തയില്‍ പോലും കാര്യമായി ഇടംപിടിക്കാത്ത ഇടമാണ് മഹാരാഷ്ടയെന്നത്കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ ജീവിതാനുഭവമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതരെന്നു സമൂഹം കരുതുന്ന തൊഴിലിടത്തു വെച്ചാണ് രസില കൊല്ലപ്പെട്ടത് എന്നത് പതിവിലുമധികം ഗൗരവം അര്‍ഹിക്കുന്നുണ്ട്.

ഈ വെളിച്ചത്തിലാണ് രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്കു ഇമെയില്‍ അയക്കല്‍ എന്ന ക്യാമ്പയിന്‍ വിജയകരമായി നടത്തിയത്. കേവലം കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഡല്‍ഹിയിലും ത്രിപുരയിലുമെല്ലാം പതിവായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തോട് ഐക്യപ്പെടാത്തവര്‍ വരെ ഈ പ്രവര്‍ത്തനത്തില്‍ കണ്ണി ചേരുന്നതായാണ് കഴിഞ്ഞദിവസം കണ്ടത്.

പരിപാടിക്കായി ഡി.വൈ.എഫ്.ഐ തയ്യാറാക്കിയ കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിന്‍ യാത്രക്കിടയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് നല്‍കി ഉദ്ഘാടനം ചെയ്തിരുന്നു. ഇമെയില്‍ സദ്ദേശമയക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയാ കട്ജു തിങ്കളാഴ്ച ദിവസം ഡല്‍ഹിയില്‍ വച്ച് നിര്‍വഹിച്ചു.

അവകാശ ദിനമായ 22 നു കേരളത്തില്‍ എം.മുകുന്ദനും, ഖദീജ മുംതാസും കോഴിക്കോടും, നടന്‍ മുകേഷ് കൊല്ലത്തും മറ്റനവധി സാംസ്‌കാരിക നായകന്മാരും പങ്കെടുത്തു എന്നറിയാന്‍ കഴിഞ്ഞു. മഹാരാഷ്ടയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ജേതാവ് മറാത്തി നടി അമൃത സുഭാഷാണ് മഹാരാഷ്ട്രത്തില്‍ ക്യാപയിന്‍ ഉദ്ഘടനം ചെയ്തത്.

പ്രമുഖ മറാത്തി എഴുത്തുകാരി വിദ്യ ബാല്‍ പൂനയില്‍ നിന്നും ക്യാപയിനിന് പിന്തുണയുമായി പങ്കെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്, പി.സായ്‌നാഥ് തുടങ്ങിയവരും പരിപാടിയോട് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. തൃപുരയില്‍ മന്ത്രിമാരടക്കം ഒട്ടനവധി സാമൂഹിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന വളരെ അധികം സുഹൃത്തുക്കള്‍ ഈ ക്യാമ്പയിനില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാം പരിപാടിയോട് ചേര്‍ന്ന് നിന്നത് എല്ലാ മേഖലകളിലും ഡി.വൈ.എഫ്.ഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകളോട്അണുകിട വിടാതെ യോജിപ്പ് ഉള്ളത്‌കൊണ്ടൊന്നുമല്ല. പക്ഷേ ഈ ഉയര്‍ത്തുന്ന മുദ്യാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും നമ്മുടെ രാജ്യത്തെ തൊഴിലിടങ്ങളില്‍ മാത്രമല്ല ഒരിടത്തും സ്ത്രീകള്‍ അക്രമിക്കപ്പെടരുതെന്നും ആഗ്രഹിക്കുന്നത് കൊണ്ട് കൂടിയാണ്.

ഇനി ഇത്തരമൊരു സ്റ്റാറ്റസ് ഇടാന്‍ കാരണമായ കാര്യത്തിലേക്ക് വരാം. ഇത്രയും ശ്രദ്ധേയവും പ്രാധാന്യവുമുള്ള ഒരു പ്രവര്‍ത്തനം നടത്തിയത് ചിലരെയൊക്കെ ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിങ്കളാഴ്ച പരിപാടി ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ ജസ്റ്റിസ് കട്ജു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഇംഗ്‌ളീഷ് പഠിപ്പിച്ചു, ഏതാണ് ഈ സംഘടന എന്ന്‌ചോദിച്ചു എന്നമട്ടിലുള്ള അങ്ങേയറ്റം ബാലിശവും പരിഹാസ്യവുമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു മുന്നോട്ട് വന്നിട്ടുള്ളത്.

കട്ജുവിനൊപ്പം പരിപാടിയില്‍ പങ്കെടുത്തത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. മുഹമ്മദ്‌റിയാസും, സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ദീപക് പ്രകാശും അഡ്വ. സുഭാഷ് ചന്ദ്രനുമാണ്. എന്‍ഡോ സള്‍ഫാന്‍ കേസില്‍ ഡി.വൈ.എഫ് ഐ കൊടുത്ത കേസ് ഇരകള്‍ക്കു വേണ്ടി വാദിച്ചു ജയിച്ച അഭിഭാഷകരണവര്‍. ഡി.വൈ.എഫ് ഐ തയ്യാറാക്കിയ ടെക്സ്റ്റ്‌ന്റെ അവസാനഭാഗത്ത് സുപ്രീം കോടതിയുടെ ഒരുമുന്‍വിധി കൂട്ടി ചേര്‍ക്കുകയാണ് അദ്ദേഹം പ്രധാനമായും ചെയ്തത്.

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ കയറി അദ്ദേഹത്തിനായി അയക്കുന്ന ഇമെയില്‍ സദ്ദേശമായതിനാല്‍ ‘സര്‍’ എന്നുമാത്രമാണ് അഭിസംബോധന ചെയ്തിരുന്നത്.സാധാരണ കത്തെഴുത്തും പോലെയുള്ളപരമ്പരാഗത രീതികളല്ല ഇമെയില്‍ സദ്ദേശത്തില്‍ സാധാരണ ഉപയോഗിക്കാറ്. നേരത്തെ ഇതിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ഇറക്കിയ പോസ്റ്ററുകളിലെല്ലാം ‘To, The Honourable Prime Minister of India’ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ശ്രീ കട്ജു തന്റെ ജൂനിയേഴ്‌സിനോടെന്നപോലെ വളരെ സ്‌നേഹത്തില്‍ പറഞ്ഞ ഇക്കാര്യങ്ങളാണ് ചില ദോഷൈകദൃക്കുകള്‍ ചുരണ്ടിയെടുത്തു ആഘോഷിച്ചത്.

ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പരിലാളനകള്‍ കൊണ്ടല്ല ഡി.വൈ.എഫ്.ഐ എന്ന സംഘടന വളര്‍ന്നതും മുന്നോട്ട് പോകുന്നതും. അധികം പിറകോട്ടൊന്നും പോകേണ്ടതില്ല ഇത് തിരിച്ചറിയാന്‍. ഡി.വൈ.എഫ്.ഐ കൊടുത്ത കേസിന്റെ പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇരകള്‍ക്കനുകൂലമായി ഒരു ഐതിഹാസിക വിധിവന്നപ്പോള്‍ കേസ് കൊടുത്ത സംഘടനയുടെ പേര് തങ്ങളെഴുതിക്കൂട്ടിയ നീളന്‍ എഡിറ്റോറിയലുകളില്‍ ഒന്ന് സൂചിപ്പിക്കാന്‍ പോലും തയ്യാറാകാത്ത മാധ്യമങ്ങളില്‍നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഇത് ഡി.വൈ.എഫ്.ഐ ക്ക് പുറത്തും ഒരുപാട് മനുഷ്യ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.

തൊഴിലിടത്ത് വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും, ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാത്ത വിധത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും തൊഴിലിടത്തു സംഭവിക്കുന്ന ഇത്തരം സംഭവങ്ങളില്‍ തൊഴില്‍ സ്ഥാപനത്തെ കൂടി ഉത്തരവാദികള്‍ ആക്കണം എന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍പങ്കെടുത്ത ഒരു ക്യാമ്പയിന്‍ പരിപാടിയുടെ പ്രാധാന്യം കാണാതെ അവര്‍ തയ്യാറാക്കിയ ടെക്സ്റ്റില്‍ ഉദ്ഘാടകന്‍ തിരുത്ത് വരുത്തി എന്നതൊക്കെ വാര്‍ത്തയാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

ഓരോരുത്തര്‍ക്കും ഓരോ ഭാഷാ ശൈലിയും അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച ഡ്രാഫ്റ്റിംഗ് സ്‌കില്ലും ഉണ്ടാകും എന്നത് സ്വാഭാവികം. ഏറെക്കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ ഡി.വൈ.എഫ്.ഐ യുടെ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ടെക്സ്റ്റില്‍ ചില കാര്യങ്ങള്‍ കൂട്ടി ചേര്‍ത്തുവെങ്കില്‍ (പൂര്‍ണമായും തിരുത്തിയാല്‍പോലും) അതില്‍ വാര്‍ത്തയാകാന്‍ പാകത്തില്‍ എന്താണുള്ളത്?. മലയാളിയായ ഒരു പെണ്‍കുട്ടി തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കും മുന്‍പേ ആരുടെയൊക്കെയോ അനാസ്ഥയില്‍ കൊലചെയ്യപ്പെട്ടതില്‍ ഒട്ടും അസ്വസ്ഥരാകാത്ത, അതിന്റെ ഒരു വാര്‍ത്തപോലും ഷെയര്‍ ചെയ്യാത്ത പലരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക്ഇംഗ്‌ളീഷ് ഭാഷാ പ്രാവീണ്യമില്ലാ എന്ന വാര്‍ത്ത ആവേശത്തില്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളെയോര്‍ത്തു സഹതപിക്കാനേ വഴിയുള്ളൂ.

ഡി.വൈ.എഫ്.ഐ മാതൃകയായി തയ്യാറാക്കിയ ഇംഗ്‌ളീഷ് ടെക്സ്റ്റ് നേരത്തെ പലര്‍ക്കുമയച്ചുകൊടുത്തതുമാണ്. അതില്‍ എന്തെങ്കിലും കാര്യമായ ഭാഷാ പ്രശ്‌നമുള്ളതായി ആരും പറഞ്ഞതുമില്ല. ചില ആവശ്യങ്ങള്‍ കൂടി അതില്‍ ചേര്‍ക്കണമായിരുന്നു എന്ന് പറഞ്ഞ ചിലരോടൊക്കെ നിങ്ങള്‍ കൂട്ടിച്ചേര്‍ത്തു മെയില്‍ അയച്ചോളു എന്ന് പറയുകയും ചെയ്തിരുന്നു.

ഒരുകാര്യം കൃത്യമാണ് ഡി.വൈ.എഫ്.ഐ യോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കലില്‍ കൂടുതല്‍ ഇതിലൊന്നുമില്ല. പക്ഷേ രാഷ്ട്രീയ വിരോധത്താല്‍ കണ്ണിലും മനസ്സിലും ഇരുളുബാധിച്ചു നിങ്ങള്‍ ട്രോളുമ്പോള്‍ നിസ്സാര വല്‍ക്കരിക്കപ്പെട്ടു പോകുന്ന ഒരു പ്രധാന വിഷയമുണ്ട്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലെടുക്കുന്ന ഏതാണ്ട് 38 % ത്തോളം മുപ്പത്തഞ്ചു വയസ്സിനു കീഴെ പ്രായമുള്ള സ്ത്രീകളുള്ള ഒരു മേഖലയിലെ സുരക്ഷാപ്രശ്‌നം.

ഒരുപക്ഷെ ഇനിയൊരു രസില രാജു ശ്വാസം മുട്ടി മരിക്കുമ്പോള്‍ അത്‌നിങ്ങളിലാരുടെയെങ്കിലും കൂട്ടുകാരിയോ സഹോദരിയോ ഭാര്യയുമൊക്കെ ആകാം. അങ്ങനെയൊന്നവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനത്തെയാണ് നിങ്ങളിങ്ങനെ അപക്വമായ പരിഹാസത്തില്‍ മുക്കി കളയുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം ഡി.വൈ.എഫ്.ഐ യുടെ മാത്രം പ്രവര്‍ത്തനം കൊണ്ട് സാധ്യമാകുന്ന ഒന്നാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല.

അതുകൊണ്ടു തന്നെയാണ് ഈ ക്യാമ്പയിനിലേക്കു മറ്റുസംഘടനകളെയും പ്രമുഖ പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതും.ട്രോളാന്‍ ഉത്സാഹിച്ചവര്‍ വ്യക്തിപരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്നതും ശ്രദ്ധയില്‍ പെട്ടു.

മലയാളി ആയതു കൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ സംഘടനാ കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ എന്റെ അറിവിലുള്ളതും പല സുഹൃത്തുക്കള്‍ ട്രോള്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കില്‍ തന്നെ ഇട്ട പോസ്റ്റുകളില്‍ നിന്നും പലതവണകളിലായി പല അഖിലേന്ത്യാ നേതാക്കളുടെയും ഇംഗ്ലീഷ് പ്രസംഗം തത്സമയ പരിഭാഷ ചെയ്തിട്ടുള്ള ആളാണ് നിലവിലെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസ് എന്നും പറയട്ടെ. ഇതൊന്നും അറിയാത്തവരല്ല മീഡിയവണ്ണും വ്യാജ വാര്‍ത്തകര്‍ക്ക് പിതൃത്വം കൊടുക്കുന്ന മറ്റുള്ളവരും.

ഇനി നിങ്ങളെല്ലാം പ്രചരിപ്പിക്കും പോലെ ആംഗലേയ ഭാഷയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെല്ലാം നിരക്ഷരകുക്ഷികളാണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ അതില്‍ ഒരു വിധേനയുമുള്ള ദുഃഖം ഞങ്ങള്‍ക്കില്ല. നിങ്ങളുടെ ആക്ഷേപം സമ്മതിച്ചാല്‍ തന്നെ ഞങ്ങടെയൊക്കെ ഇംഗ്ലീഷ് മാത്രമേ വികലമായുള്ളൂ. അത്പരിശ്രമത്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

ഏതു ഭാഷയേക്കാളും കഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ ഭാഷ ഞങ്ങള്‍ക്കറിയാം. ആ ഭാഷ കൂടുതല്‍ സ്വായത്തമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയും. പക്ഷേ കൂട്ടത്തിലൊരു മനുഷ്യജീവന്‍ കൊല്ലപ്പെട്ടുകിടക്കുമ്പോഴും സങ്കുചിതമായ രാഷ്ട്രീയ വിരോധം ആളി കത്തിക്കുന്ന നിങ്ങളുടെയൊക്കെ മനസ്സിന്റെ വൈകല്യമുണ്ടല്ലോ അതത്ര എളുപ്പത്തില്‍ മാറ്റാന്‍കഴിയുന്നതല്ല.

നല്ല സംഘടനാ പ്രവര്‍ത്തനത്തിന് ഇംഗീഷില്‍ അഗാധമായ പാണ്ഡിത്യം വേണമെന്ന ധാരണയും ഞങ്ങള്‍ക്കില്ല. ഈ രാജ്യത്തിന്റെ സമരങ്ങളില്‍ ചരിത്രമെഴുതിയവരില്‍ എത്രപേര്‍ക്ക്‌ന ന്നായി ഇംഗ്ലീഷ് അറിയാമായിരുന്നു. മുറിയന്‍ ബട്ട്‌ലര്‍ ഇംഗ്ലീഷ് പറയുമായിരുന്ന എ.കെ.ജി എന്ന ചെറു മനുഷ്യന്റെ പ്രസംഗം കേള്‍ക്കാന്‍ നെഹ്‌റു കാത്തിരുന്നതിനെ പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഏതുമാകട്ടെ മുറിഞ്ഞ ഭാഷായായാലും മുറിയാത്ത ആശയം മുറുകെപിടിക്കുക എന്നതാണ് പ്രധാനം. അക്കാര്യത്തില്‍ പിഴവുകളുണ്ടെകില്‍ വിമര്‍ശങ്ങനങ്ങള്‍ക്ക്‌സ്വാഗതം.

നന്ദിയുണ്ട്. ട്രോളുകളും നെഗറ്റീവ് വാര്‍ത്തകള്‍കൊണ്ടും ആണെങ്കില്‍ കൂടിയും ഈ ക്യാമ്പയിനു ഇത്രമേല്‍ പ്രചാരം നല്‍കിയതിന്. ഇത്അവസാനമല്ല. തുടക്കമാണ്. മരണം കൊണ്ട് റസീലരാജു ഈ സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ട്രോളുകള്‍ മാത്രംപോരാ സുഹൃത്തേ.

വരൂ ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം..

Top