എന്റെ സിനിമയെ എന്റെ അച്ഛന്‍ പ്രൊമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് ദുല്‍ഖറിന്റെ മറുപടി

dq taran

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം കര്‍വാന്‍ റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 3നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനിടെ സിനിമയുടെ പ്രൊമോഷന് മമ്മൂട്ടി എത്തും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശ് ആണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

‘നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദിയിലെ ആദ്യ ചിത്രമായ ‘കര്‍വാന്‍’ പ്രൊമോട്ട് ചെയ്യും. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥിലാ പാല്‍ക്കര്‍ എന്നിവര്‍ അഭിനയിക്കുന്നു. ആര്‍എസ്‌വിപി, ഇഷ്‌ക ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആകാശ് ഖുറാന സംവിധാനം’ എന്നാണ് ആദര്‍ശ് പറഞ്ഞത്. പിന്നീട് ഈ വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തെത്തി.

‘ഇതു തികച്ചും തെറ്റായ ഒരു വാര്‍ത്തയാണ് സര്‍. എന്നെയോ എന്റെ സിനിമയെയോ അച്ഛന്‍ ഇന്നേ വരെ പ്രമോട്ട് ചെയ്തിട്ടില്ല. അതില്‍ ഒരു മാറ്റവും ഒരിക്കലും വരില്ല. ആരോ മനഃപൂര്‍വ്വം പടച്ചുവിട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്’. തരണിന്റെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചു.

തൊട്ടുപിന്നാലെ തരണ്‍ തന്റെ തെറ്റുതിരുത്തി രംഗത്തുവന്നു. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. അത് റൂണി സ്‌ക്രൂവാലയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു തെറ്റുതിരുത്തിയതില്‍ നന്ദി തരണ്‍ ട്വിറ്ററില്‍ കുറിച്ചു.

കര്‍വാന്‍ ഒരു റോഡ് മൂവിയാണ്. ഒരു റോഡ് യാത്രയ്ക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന, എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

Top