ദുബായില്‍ കഴിയുന്ന പര്‍വേസ്‌ മുഷറഫ് രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക്ക് സുപ്രീം കോടതി

ഇസ്ലാമാബാദ്: ദുബായില്‍ കഴിയുന്ന പര്‍വേസ്‌ മുഷറഫ് ഒരു ദിവസത്തിനകം രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക്ക് സുപ്രീം കോടതി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്ക് മുഷറഫ് നേരിട്ടെത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. സൈനിക കമാന്‍ഡോ ആയിരുന്ന വ്യക്തി സ്വന്തം രാജ്യത്തേക്ക് വരാന്‍ ഭയക്കുന്നതെന്തിനെന്നും കോടതി ആരാഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനകം കോടതിയില്‍ ഹാജരാകാത്തപക്ഷം നിയമാനുസൃതമായ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാകാമെന്ന വ്യവസ്ഥയില്‍ മുഷറഫിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ മുഷറഫ് തയ്യാറായിരുന്നില്ല.

പാക്കിസ്ഥാനില്‍ എത്തുന്നതിനുവേണ്ടി മുഷറഫിന് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ബേനസീര്‍ ഭൂട്ടോ വധക്കേസ് വിചാരണ അടക്കമുള്ളവയുമായി ദുബായില്‍ കഴിയുന്ന മുഷറഫ് സഹകരിച്ചിരുന്നില്ല.

Top