അവിഹിത ഗര്‍ഭത്തില്‍ ജനിച്ച കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു ; യുവതികള്‍ അറസ്റ്റില്‍

arrest

ദുബായ്: അവിഹിത ഗര്‍ഭത്തില്‍ പിറന്ന കുഞ്ഞിനെ വില്‍ക്കുവാന്‍ ശ്രമിച്ച യുവതികള്‍ ദുബായില്‍ അറസ്റ്റില്‍. രണ്ടാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ 10,000 ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നാടകീയമായ ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു വീട്ടുജോലിക്കാരിയായ സ്ത്രീയും, കുഞ്ഞിനെ പ്രസവിച്ച എത്യോപ്യന്‍ യുവതിയും പിടിയിലാകുന്നത്. ഇവരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കി.

മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുബായ് പൊലീസിന്റെ വനിതാ വിഭാഗമാണ് യുവതികളെ പിടികൂടുവാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. 30 വയസുള്ള എത്യോപ്യന്‍ യുവതി പ്രസവിച്ച കുഞ്ഞിനെ വില്‍ക്കുന്നതിന് 28കാരിയായ വീട്ടുജോലിക്കാരി സഹായിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇവര്‍ തുറന്നു സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ 10000 ദിര്‍ഹത്തിന് എത്യോപ്യന്‍ യുവതി വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് വനിതാ പൊലീസിനെ ഇവരുടെ അടുത്തേക്ക് അയച്ചു. വേഷം മാറിയെത്തിയ വനിതാ പൊലീസിനെ തിരിച്ചറിയാനും ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് രണ്ടു സ്ത്രീകളെയും പൊലീസ് പിടികൂടുകയായിരുന്നു.

Top