2022 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

narendra-modi

ന്യൂഡല്‍ഹി: 2022 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷിക്കാവശ്യമായ ജലവും വളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നല്‍കുക എന്ന പ്രധാന ദൗത്യം സര്‍ക്കാര്‍ നിറവേറ്റി കഴിഞ്ഞു. കര്‍ഷകരുടെ ഉന്നമനം എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ കോണിലുള്ള കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി സംവദിച്ചത്. വിത്ത് വിതച്ച് വിളവെടുത്ത് വരുമാനം ലഭിക്കുന്നതുവരെ കര്‍ഷകരുടെ ഓരോ ആവശ്യത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാജ്യത്തെ കര്‍ഷകരുടെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. വിളനാശം മൂലം നഷ്ടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സിലൂടെ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. കഴിഞ്ഞ സര്‍ക്കാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപയാണ് കാര്‍ഷിക മേഘലയ്ക്ക് വേണ്ടി ബജറ്റില്‍ മാറ്റി വെച്ചതെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ രണ്ട് ലക്ഷത്തി പന്ത്രണ്ടായിരം കോടി രൂപ കര്‍ഷകര്‍ക്കായി വകയിരുത്തിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

Top