dont interfere in up govt affairs modi tells bjp mps from state

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ വേണ്ടെന്ന് സംസ്ഥാനത്തെ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് യുപിയുടെ വികസനത്തിനായി വേണ്ടതു ചെയ്യാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിക്ക് വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശിലെ ജനവിധിയെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണാനും സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്‌നിക്കാനും മോദി എംപിമാരോട് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ കണ്ണില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും മോദി ഓര്‍മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനാകണം എംപിമാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ,പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ പങ്കെടുത്തു.

Top