യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് പുടിന്‍, അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്‌

ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ആരോപണത്തെ പാടെ നിഷേധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്നും പുടിന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണം വിഡ്ഢിത്തമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

മാത്രമല്ല, ഈ അന്വേഷണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ഫുട്‌ബോള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനു പുടിനെ ട്രംപ് അനുമോദിക്കുകയും ചെയ്തു.

നേരത്തേ ഇരുരാഷ്ട്രത്തലവന്മാരും പല ഉച്ചകോടികള്‍ക്കിടെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായുള്ള കൂടിക്കാഴ്ച ഇതാദ്യമായിട്ടായിരുന്നു. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലാണു ചര്‍ച്ച നടന്നത്.

husaini.jpg.image.784.410

അതേസമയം സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ ഒരു ലേഖകനെ വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന് പുറത്താക്കി. ‘ദ് നേഷന്‍’ എന്ന മാധ്യമത്തിലെ സാം ഹുസൈനി എന്ന ലേഖകനെയാണ് പുറത്താക്കിയത്.

‘ആണവായുദ്ധ നിരോധന ഉടമ്പടി'(Nuclear Weapon Ban Treaty) എന്നെഴുതിയ പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്.

Top