തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; ഡോണള്‍ഡ് ട്രംപിന്റെ മരുമകനെതിരെ അന്വേഷണം

വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ ഇടപെടല്‍ നടന്നതിന്റെ അന്വേഷണ പരിധിയില്‍ ഡോണള്‍ഡ് ട്രംപിന്റെ മരുമകനും മുഖ്യ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്‌നറുടെ നടപടികളും ഉള്‍പ്പെടുത്തിയതായി യുഎസ് മാധ്യമങ്ങള്‍.

റഷ്യന്‍ അധികൃതരുമായി കുഷ്‌നര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു തീരുമാനം. എന്നാല്‍ കുഷ്‌നറാണോ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമെന്നു വ്യക്തമല്ല.

കുഷ്‌നറെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകളലില്ലാതെ എഫ്ബിഐ നടപടികളെടുക്കില്ല. കഴിഞ്ഞ ഡിസംബറില്‍ യുഎസിലെ റഷ്യന്‍ അംബാസഡറുമായും മോസ്‌കോയിലെ ഒരു ബാങ്കറുമായും കുഷ്‌നര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിന്റെ സുരക്ഷ അനുമതിയില്ലാതെയാണ് കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു നല്‍കാന്‍ കുഷ്‌നര്‍ നേരത്തെ തയാറായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അറ്റോര്‍ണിയായ ജാമീ ഗോറേലിക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏത് അന്വേഷണത്തിനു വേണ്ടിയാണെങ്കിലും ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകാന്‍ കുഷ്‌നര്‍ തയാറാകുമെന്നും ഗോറേലിക് പറയുന്നു.

Top