ദോക് ലാം ; ഇന്ത്യയെ ശക്തമായി പിന്തുണച്ച് ജപ്പാൻ, നയതന്ത്രതലത്തിൽ ഒറ്റപ്പെട്ട് ചൈന

ന്യൂഡല്‍ഹി : ദോക് ലാം വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ചൈന.

അമേരിക്കയ്ക്ക് പിന്നാലെ വന്‍ ആണവ ശക്തിയായ ജപ്പാനും ശക്തമായി ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നു.

നിലവിലെ സ്ഥിതിയില്‍ നിന്ന് ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു.

ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ഇരു രാജ്യങ്ങളും മനസ്സിലാക്കണമെന്നും, ഇവിടെ ഇന്ത്യ കരാറനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നാണ് തങ്ങള്‍ക്കറിവുള്ളതെന്നും ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമാട്‌സു പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ജപ്പാന്‍ അംബാസഡര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ദോക് ലാമിലെ ഇന്ത്യന്‍ ഇടപെടലുകളെ പൂര്‍ണ്ണമായും ന്യായീകരിച്ചായിരുന്നു ജപ്പാന്‍ അംബാസഡറുടെ പ്രതികരണം.

തര്‍ക്കം നിലനില്‍ക്കുന്ന മേഖലകളില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണമെന്നും, നിലവിലെ നിലപാടുകള്‍ മാറ്റി സമാധാനപരമായി തീരുമാനങ്ങള്‍ എടുക്കണമെന്നും ജപ്പാന്‍ ചൈനയോട് ആവശ്യപ്പെട്ടു.

ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി ഡാംചോ ദോര്‍ഗിയുമായി ഇന്ത്യ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ശാന്തതയോടെയുള്ള നീക്കത്തെകുറിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൂചിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സമാധാനപരമായ നീക്കമായാണ് ജപ്പാന്‍ വിലയിരുത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ചൈന ഇത് നിരസിക്കുകയും അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

ചൈനയുടെ ഈ ധിക്കാരപരമായ നിലപാടാണ് ലോക രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈന ഇനിയും പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും പരസ്യമായ നിലപാടുകളുമായി രംഗത്ത് വരുമെന്നാണ് സൂചന.

ചൈനയുടെ മുന്നറിയിപ്പിന് പുല്ലു വില കല്‍പ്പിച്ച് ഇന്ത്യയും ഏറ്റുമുട്ടാനാണെങ്കില്‍ നേരിടാന്‍ തയ്യാറാണെന്ന മുന്നറിയിപ്പോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ സൈനിക വിന്യാസം നടത്തിവരികയാണ്.

അതേസമയം ജാപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്തമാസം ഇന്ത്യയിലെത്തുന്നുണ്ട്. സെപ്തംബര്‍ 13 മുതല്‍ 15 വരെയാണ് സന്ദര്‍ശനം. ജപ്പാന്റെ ഇന്ത്യന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമാട്‌സുവിന് നിലവില്‍ ഭൂട്ടാന്റെ ചുമതലകൂടി ഉണ്ട്.

Top