എന്തുകൊണ്ട് അന്വേഷണമില്ല ; ഒ.പനീര്‍ സെല്‍വത്തിനെതിരെ മദ്രാസ് ഹൈക്കോടതി

paneereselvam

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വത്തിനെതിരെ മദ്രാസ് ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ ചോദിച്ചു. റെഡ്ഡിയുടെ പേര് കൂടെ ഉള്‍പ്പെട്ട സ്ഥിതിക്ക് സിബിഐ അന്വേഷണം ആയിക്കൂടെയെന്നും കോടതി നിരീക്ഷിച്ചു.

കേസ് സിബിഐക്ക് വിടുന്നതിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) വിഭാഗം ഈ മാസം 23നകം നിലപാട് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

ഡിഎംകെ നേതാവ് ആര്‍.എസ്.ഭാരതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ചില്‍ ഒപിഎസിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും വിജിലന്‍സ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. പനീര്‍ സെല്‍വവുമായി അടുപ്പമുള്ള വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി പിടിച്ചെടുത്തിരുന്നെന്നും ഡിഎംകെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top