ദിവ്യ അയ്യര്‍ക്ക് കുരുക്കു മുറുകുന്നു; വിവാദ ഭൂമിയില്‍ വാസുകി നടപടി ആരംഭിച്ചു

vasuki

കൊല്ലം: വര്‍ക്കലയിലെ ഭൂമി വിവാദത്തില്‍ തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് ആരംഭിച്ചു. ഇതേ തുടര്‍ന്ന് സര്‍വേ സൂപ്രണ്ടിനോട് സ്ഥലം അളക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വേ നമ്പര്‍ സംബന്ധിച്ച അവ്യക്തത തീര്‍ക്കാനാണ് നടപടിയെന്നും ഇരുകക്ഷികളുടെയും ഭാഗം കേട്ടതിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്നും വാസുകി അറിയിച്ചു.

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് നല്‍കിക്കൊണ്ടുള്ള സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ഉത്തരവ് പരിശോധിക്കാനുളള ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ല കല്കടറുടെ നടപടി. വര്‍ക്കല അയിരൂര്‍ വില്ലേജില്‍ 27 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തിക്ക് നല്‍കാനുളള സബ് കലക്ടറുടെ ഉത്തരവാണ് വിവാദമായത്. സംഭവത്തില്‍ സിപിഎമ്മടക്കം ദിവ്യക്കെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്.

വര്‍ക്കല ഭൂമിയിടപാടില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രശ്‌നം സബ് കലക്ടര്‍ വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നു മാത്രമാണ് ഏതാനും വരികളുള്ള കുറിപ്പില്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ പറഞ്ഞിരിക്കുന്നത്. ജില്ലാ കലക്ടര്‍ പ്രശ്‌നത്തില്‍ ഹിയറിങ് നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുപ്രകാരമുള്ള ഹിയറിങാണ് ഇപ്പോള്‍ തുടരുന്നത്.

ഭൂമി സ്വകാര്യവ്യക്തിക്ക് തിരിച്ചു നല്‍കിയ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനായിരുന്നു റവന്യു മന്ത്രി ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ ഏതാനും വരികള്‍ മാത്രമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ.ടി.ജെയിംസ് റവന്യു മന്ത്രിക്ക് നല്‍കിയത്. പ്രശ്‌നത്തെ സബ് കലക്ടര്‍ ഗൗരവത്തോടെ സമീപിച്ചില്ലെന്നും പരിചയക്കുറവുമൂലം നോട്ടക്കുറവ് സംഭവിച്ചതാകാമെന്നുമാണ് റിപ്പോര്‍ട്ട്. ഭൂമി വിട്ടുകൊടുത്ത സബ് കലക്ടറുടെ നടപടി തെറ്റാണോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കമ്മീഷണറുടെ ഒഴുക്കന്‍ മട്ടിലുള്ള നിലപാടില്‍ റവന്യു മന്ത്രി കടുത്ത അതൃപ്തിയിലാണ്.

Top