രക്ഷാദൗത്യം പൂർണമായും സൈന്യത്തിന്റെ ചുമതലയിൽ വിട്ടു നൽകാൻ തയ്യാറാവണം

FLOOD 1

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളുടെ ഏകീകരണം പരാജയപ്പെട്ടിട്ടും പ്രളയത്തില്‍ അകപ്പെട്ട പതിനായിരങ്ങളുടെ ജീവന്‍ പന്താടി രക്ഷാദൗത്യം സൈന്യത്തിനെ ഏല്‍പ്പിക്കുന്നതിന്റെ പേരില്‍ കേരളം രാഷ്ട്രീയം കളിക്കുന്നു.

തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രക്ഷാദൗത്യത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന നിവേദനം നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്നും സംസ്ഥാന ഭരണം പട്ടാളത്തെ എല്‍പ്പിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. സൈന്യത്തിന് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും കൈമാറാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞു.

FLOOD 3

പതിനായിരങ്ങള്‍ പ്രളയത്തില്‍ അകപ്പെട്ട ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്ന വാര്‍ത്തയാണ് ചെങ്ങന്നൂരിലും ആലപ്പുഴയിലുമെല്ലാം ഉയരുന്നത്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ആധുനിക പരിശീലനം കേരള പൊലീസിനോ ഫയര്‍ഫോഴ്‌സിനോ ഇല്ല. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും മെച്ചപ്പെട്ട സേവനമാണ് ഇവര്‍ നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയെയും വ്യോമ സേനയെയും ഹെലികോപ്റ്ററുകളെയും എങ്ങോട്ടാണ് അയക്കേണ്ടതെന്ന ആശയക്കുഴപ്പമാണ് രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ വൈകിച്ച് പലരുടെയും ജീവന്‍ നഷ്ടമായ സാഹചര്യമുണ്ടാക്കിയത്.

പലപ്പോഴും രാവിലെ ആറു മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായ സേനയെയും ഹെലികോപ്റ്ററുകളെയും ആവശ്യപ്പെടുന്നതു തന്നെ 11 മണിക്കായിരുന്നു. എവിടെ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തണമെന്നതിലും ഏകീകരണമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിലെ പിഴവുകളും കാര്യക്ഷമതയില്ലായ്മയും സേനാവിഭാഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും പ്രതിരോധ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയാലെ മരണത്തെ മുഖാമുഖം കാണുന്ന കൂടുതല്‍ പേരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകൂ.

FLOOD2
2013ല്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമുണ്ടായ ശക്തമായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് സൈന്യമായിരുന്നു. കേരളത്തേക്കാള്‍ കടുത്ത ദുഷ്‌ക്കരമായ സാഹചര്യത്തിലും പതിനായിരങ്ങളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. അന്നൊന്നും സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമൊന്നും ആരും രാഷ്ട്രീയം കളിച്ചിരുന്നില്ല. അവിടുത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി സൈന്യത്തിനു വേണ്ടി മുറവിളികൂട്ടുകയായിരുന്നു. നിരവധി സേനാംഗങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ദുരന്തരക്ഷാപ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്ര സഭപോലും ആശ്രയിക്കുന്ന ഇന്ത്യന്‍ സേനയെ രക്ഷാദൗത്യത്തിന്റെ ചുമതലയേല്‍പ്പിക്കാതെയുള്ള രാഷ്ട്രീയക്കളി ആയിരങ്ങളുടെ ജീവനാണ് നഷ്ടപ്പെടുത്തുക. പമ്പാ,ത്രിവേണി മുങ്ങിയപ്പോള്‍ പോലും പ്രളയം മുന്‍കൂട്ടി കാണാതെ ദുരന്തത്തിനു മുന്നില്‍ കാഴ്ചക്കാരായ സംവിധാനമാണ് നമ്മുടേതെന്നു മറക്കരുത്. പൊലീസും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ജീവന്‍പോലും പണയപ്പെടുത്തി നടത്തുന്ന രക്ഷാപ്രവര്‍ത്തനം ആശ്വാസകരമാണെങ്കിലും പ്രളയത്തില്‍ കുടുങ്ങിയ മുഴുവന്‍ പേരിലും എത്താനുള്ള സംവിധാനം ഇവര്‍ക്കില്ല. ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ ഒരോ നിമിഷവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സൈന്യത്തിന്റെ രക്ഷാദൗത്യം തന്നെയാണ് കേരളത്തില്‍ വേണ്ടത്. സൈന്യത്തിന്റെ പേരില്‍ രാഷ്ട്രീയം കളിച്ച് ആയിരങ്ങളുടെ ജീവന്‍ പന്താടരുത്.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top