രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണമെന്ന് എ.എന്‍.രാധാകൃഷ്ണന്‍

kamal

കോഴിക്കോട്: രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍.

നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍നിന്നു നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസയ്ക്കും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്.

ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് അദ്ദേഹം. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെഗുവേര. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെഗുവേരയുടെ സ്ഥാനം.

ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു നേതാക്കളുണ്ടല്ലോ, അവരുടെ ചിത്രം വയ്ക്കട്ടെ, ഇഎംഎസിന്റെയും എകെജിയുടെയും ചിത്രം വയ്ക്കട്ടെ.

ഗോഡ്‌സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.Related posts

Back to top