Dinakaran leaves for Delhi to face questions over bribery charges

ttv-dinakaran

ചെന്നൈ: രണ്ടില ചിഹ്നം ലഭിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ ശശികല വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍ ഡല്‍ഹി പൊലീസിനു മുന്നില്‍ ഹാജരായി.

കോഴ നല്‍കിയ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകാഷ് ചന്ദ്രനെ അറിയില്ലെന്നും അന്വേഷണത്തെ സഹായിക്കാനാണ് ഡല്‍ഹിയിലെത്തിയതെന്നും ദിനകരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. മൂന്‍കൂറായി പത്തു കോടി രൂപ നല്‍കിയിരുന്നുവെന്നും ഇതില്‍ ഒന്നര കോടിയാണ് അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറില്‍നിന്ന് പിടികൂടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

സുകാഷുമായി ദിനകരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

വെള്ളിയാഴ്ചയാണ് പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ടി.ടി.വി. ദിനകരന് സമന്‍സ് നല്‍കിയിരുന്നത്. ചെന്നൈ അഡയാറിലെ വീട്ടിലെത്തി നേരിട്ടു കൈമാറുകയായിരുന്നു. സമന്‍സ് കൈമാറുന്നതിനിടെ ദിനകരന്റെ അനുയായി രവിചന്ദ്രന്‍ പെട്രോള്‍ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ദിനകരന്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Top