വീണ്ടും ദിലീപ് വിജയം, അന്തം വിട്ട് പൊലീസ്, കുറ്റപത്രം ഇന്നുമില്ല, തെളിവ് കൈവശമില്ലേ ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ‘പൊട്ടന്‍’ കളിക്കുന്ന അന്വേഷണ സംഘത്തിന് വന്‍ പ്രഹരമായി ദിലീപിന് അനുകൂലമായ ഹൈക്കോടതി വിധി.

ജാമ്യം ലഭിച്ചതിനു ശേഷമുള്ള ആദ്യ വിജയമാണിത്.

ദിലീപിന്റെ ഗള്‍ഫ് യാത്ര മുടക്കുന്നതിനായി സര്‍വ്വശക്തിയുമെടുത്ത് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മൂന്ന് സാക്ഷികളെ സ്വാധീനിച്ചെന്നും ജാമ്യം റദ്ദാക്കുന്നതിനായി ഹര്‍ജി നല്‍കുന്നതിനെകുറിച്ച് ആലോചിക്കുകയാണെന്നുംവരെ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞെങ്കിലും അതൊന്നും വിലപ്പോയില്ല.

ദിലീപ് പുതുതായി ഗള്‍ഫില്‍ തുടങ്ങുന്ന ‘ദേ പുട്ട് ‘ റസ്‌റ്റോറന്റിന്റെ ഉദ്ഘാടനത്തിന് മനസമാധാനത്തോടെ ഇനി ദിലീപിന് പറക്കാം.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ ചാര്‍ജ്ജ് ഷീറ്റ് കൊടുക്കും, ഒന്നാം പ്രതിയാക്കും എന്നൊക്കെ പറയുന്ന അന്വേഷണ സംഘം ചൊവ്വാഴ്ചയും അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

എട്ടാം പ്രതിയാക്കി ഉടന്‍ കുറ്റപത്രം നല്‍കുമെന്ന വിവരം പൊലീസ് തന്നെ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇക്കാര്യത്തില്‍ ഇപ്പോഴുമില്ല.

ദിലീപിനെതിരെ എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ടെങ്കില്‍ പിന്നെ കുറ്റപത്രം നല്‍കാന്‍ എന്തിനു വൈകിക്കുന്നു എന്ന ചോദ്യത്തിനും ബന്ധപ്പെട്ടവരില്‍ നിന്നും വ്യക്തമായ മറുപടിയില്ല.

ദിലീപിനെ ആവേശത്തോടെ പിടിച്ച് അകത്തിട്ട് ചാനലുകളില്‍ ഹീറോ ആയ പൊലീസ് ഏമാന്‍മാര്‍ ഇപ്പോള്‍ തെളിവ് കിട്ടാതെ ശരിക്കും വിയര്‍ക്കുകയാണെന്നാണ് അണിയറ സംസാരം.

മൂന്ന് സാക്ഷികളെ ദിലീപ് ഇടപെട്ട് സ്വാധീനിച്ചു എന്ന് പറയുന്നത് പോലും യുക്തിരഹിതമാണെന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു.

പ്രോസിക്യൂഷന്‍ വാദം വിശ്വസിച്ചിരുന്നെങ്കില്‍ ഹൈക്കോടതി ദിലീപിന് ഇത്തരമൊരു ഇളവ് നല്‍കില്ലായിരുന്നു.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നുവെങ്കില്‍ വിദേശയാത്രയുമായി ബന്ധപ്പെട്ട ഹര്‍ജി ദിലീപ് കൊടുക്കുന്നതിനു മുന്‍പ് എന്തുകൊണ്ട് ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചില്ല എന്ന് നിയമ കേന്ദ്രങ്ങളും ചോദിക്കുന്നു.

മാത്രമല്ല ദിലീപിന് സുരക്ഷ ഒരുക്കാന്‍ വന്ന ഗോവയിലെ സെക്യൂരിറ്റിക്കാരെ ഓടിച്ചിട്ട് പിടിച്ചവര്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമ്പോള്‍ കയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നുവോ എന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു.

കള്ളക്കേസില്‍ കുടുക്കിയതിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ തീരുമാനം വരാത്ത സാഹചര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്നതും അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്.

Top