നടിയെ ആക്രമിച്ച കേസ് ; വാദം പൂര്‍ത്തിയായി, ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂര്‍ത്തിയായി.

ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി.ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള നിരീക്ഷണം ഏറെ നേരത്തെയായിപ്പോയെന്ന് കോടതി പറഞ്ഞു.

ജാമ്യം തള്ളിയത് സമാന മനസ്‌കര്‍ക്കര്‍ക്കും സമൂഹത്തിനുമുള്ള പാഠമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശത്തെയാണ് കോടതി വിമര്‍ശിച്ചത്.

അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ടെന്നും ദിലീപിനെതിരായ അന്വേഷണം പൂര്‍ത്തിയായതാണെന്നും പ്രതിഭാഗം വാദിച്ചു.

പള്‍സര്‍ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണെന്നും ദിലീപിനൊപ്പമുള്ള ഫോട്ടോ എങ്ങിനെ ഗൂഢാലോചനയ്ക്ക് തെളിവാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ. പൊലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല.

ബ്ലാക്‌മെയില്‍ പരാതി നല്‍കിയത് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലന്നും അദ്ദേഹം വാദിച്ചു.

ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങള്‍ക്കു തെളിവില്ല. സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ല. അന്വേഷണവുമായി എപ്പോള്‍ വേണമെങ്കിലും സഹകരിക്കാം. ദിലീപിന് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സിനിമകളുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ പേര് ഇതുവരെ പരാമര്‍ശിച്ചിട്ടില്ലന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എല്ലാ പ്രതികളുടെയും മൊഴി വിരല്‍ചൂണ്ടുന്നത് ദിലീപിലേക്കാണ്. പള്‍സര്‍ സുനി നാല് തവണ ദിലീപിനെ കണ്ടു. ഫോണ്‍വിളികളും ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് കോടതി തള്ളിയിരുന്നു. മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും അതിനു ശ്രമിക്കാതെ ദിലീപ് നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്’ ദിലീപ് ജാമ്യഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു.

Top