Dileep-kavya marriage; Producers suspicious about Dileep’s movies

കൊച്ചി: കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പടരുന്ന വിവാദം ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ വിജയത്തെ ബാധിക്കുമോയെന്ന് നിര്‍മ്മാതാക്കള്‍ക്കും ആരാധകര്‍ക്കും ആശങ്ക.

ദിലീപ് നായകനായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സിനിമ ‘ജോര്‍ജേട്ടന്‍സ് പൂര’മാണ്. ഇതിന് ശേഷം രാമന്റെ ഏദന്‍ തോട്ടം പുറത്തിറങ്ങാനുണ്ട്.

വിവാഹ വിവാദം ചിത്രങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നും സിനിമയെ സിനിമയായാണ് പ്രേക്ഷകര്‍ കാണുകയെന്നുമൊക്കെ നിര്‍മ്മാതാക്കള്‍ പറയുന്നുണ്ടെങ്കിലും അവരുടെ മനസ്സിലും അപകട സൈറണ്‍ മുഴങ്ങുന്നുണ്ടെന്നതാണ് സത്യം.

മഞ്ജു വാര്യരുമായുള്ള വിവാഹ മോചനം കഴിഞ്ഞയുടനെ ദിലീപിനെ പ്രേക്ഷകര്‍ കൈവിടുമെന്ന പ്രചരണമുണ്ടായിരുന്നുവെങ്കിലും ശക്തമായ മറുപടി നല്‍കി വന്‍ വിജയക്കുതിപ്പാണ് ദിലീപ് ചിത്രങ്ങള്‍ അന്ന് നടത്തിയിരുന്നത്.

മഞ്ജു വാര്യര്‍ ആകട്ടെ വിവാഹമോചനത്തിന് ശേഷം ആദ്യമായി അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവും നടത്തി. ഇന്ന് മലയാളത്തില്‍ മറ്റേത് നായികനടിമാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും മഞ്ജുവാണ്.

വ്യക്തിജീവിതവും സിനിമയും പ്രേക്ഷകര്‍ ഒന്നായി കാണാതിരുന്നതിനാലാണ് രണ്ട് പേര്‍ക്കും തങ്ങളുടെ മേഖലയില്‍ കരുത്ത് തെളിയിക്കാന്‍ സാധിച്ചതെന്നാണ് സിനിമാ നിരൂപകരും ചൂണ്ടിക്കാണിക്കുന്നത്.

മഞ്ജു വേര്‍പിരിഞ്ഞപ്പോഴും മകള്‍ മീനാക്ഷിയെ തന്റെയൊപ്പം നിലനിര്‍ത്താനായി എന്നതാണ് ദിലീപിന് നേട്ടമായത്. ഇത് ഒരു വില്ലന്‍ വേഷം ജീവിതത്തില്‍ ദിലീപിന് നല്‍കുന്നതിനെ പ്രതിരോധിച്ച ഘടകമാണ്.

ഇപ്പോള്‍ കാവ്യയുമായി രണ്ടാം വിവാഹത്തിനൊരുങ്ങിയപ്പോഴും മകള്‍ മീനാക്ഷിയെ സാക്ഷിയാക്കി ചടങ്ങ് നടത്താന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യക്കും ദിലീപിനും നേരെ വന്‍ ആക്രമണങ്ങളാണ് നടക്കുന്നത്.

കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും പേരിലുള്ള ഓഡിയോ ക്ലിപ്പിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. മുന്‍പ് യൂ ട്യൂബില്‍ വന്നത് ഇപ്പോള്‍ വീണ്ടും സജീവമാകുകയായിരുന്നു.

ഇതിന്റെ ആധികാരികത സംബന്ധിച്ച സംശയമുണ്ടെങ്കിലും നിശാല്‍ ചന്ദ്രയുടെ അമ്മ ഈ ശബ്ദം തന്റേതല്ലെന്ന് പറഞ്ഞ് നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിശാല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ രേഖകളില്‍ ദിലീപിനെതിരെ പരാമര്‍ശമുണ്ടെന്നാണ് മറ്റൊരു പ്രചരണം.

ഇതിനെല്ലാം പുറമെ ഫിഡല്‍ കാസ്‌ട്രോയെ സ്മരിച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനും വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.

‘തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന കാസ്‌ട്രോയാണ് തന്റെ മാതൃക’യെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത് ദിലീപിനുള്ള മറുപടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ പോസ്റ്റിട്ട് 40 മിനിറ്റിനുള്ളില്‍ 13,000 ലൈക്കുകളും 1000 കമന്റുകളുമാണ് മഞ്ജുവിന്റെ ഫേസ്ബുക്കില്‍ മാത്രം ലഭിച്ചത്.കമന്റുകളില്‍ ഏറെയും ദിലീപിനെയും കാവ്യയേയും വിമര്‍ശിക്കുന്നവയാണ്.

ഒരു ‘രക്തസാക്ഷി’ പരിവേഷം മഞ്ജുവിന് സോഷ്യല്‍മീഡിയ ചാര്‍ത്തി ക്കൊടുത്തത് ജീവിതത്തിലെന്ന പോലെ സിനിമയിലും പ്രതിഫലിച്ചാല്‍ അത് ദിലീപിനും നിര്‍മ്മാതാക്കള്‍ക്കും വന്‍ തിരിച്ചടിയാകും.

അതിനാല്‍ തന്നെ ഇപ്പോഴത്തെ ആക്ഷേപങ്ങള്‍ക്ക് ദിലീപ് ദുബായില്‍ നിന്ന് തിരിച്ചെത്തിയാല്‍ മറുപടി നല്‍കുമെന്നാണ് സൂചന.

Top