സെൻകുമാറിന്റെ നിലപാടുകൾ തെറ്റാണെന്ന് വരുത്താനാണ് തന്നെ പ്രതിയാക്കിയത്:ദിലീപ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുരുക്കിയതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഗുരുതര ആരോപണം.

മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തി തീര്‍ക്കാനാണ് തന്നെ പ്രതിയാക്കിയതെന്നാണ് ദിലീപിന്റെ പ്രധാന ആരോപണം.

ഡി.ജി.പി ലോക് നാഥ് ബഹ്‌റയെയും എ.ഡി.ജി.പി സന്ധ്യയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കത്തില്‍ അന്വേഷണ സംഘത്തിലെ എസ്.പിക്കും ഡി.വൈ.എസ്.പിക്കുമെതിരെയും ആക്ഷേപമുണ്ട്.

ദിലീപിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി 12 മണികൂറോളം ചോദ്യം ചെയ്ത എ.ഡി.ജി.പി സന്ധ്യക്ക് അന്ന് ഡി.ജി.പിയായിരുന്ന സെന്‍കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ദിലീപിനെ വിട്ടയക്കേണ്ടി വന്നിരുന്നു.

പിന്നീട് സെന്‍കുമാര്‍ സ്ഥാനമൊഴിഞ്ഞ് വീണ്ടും ബഹ്‌റ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയതിനുശേഷമാണ് ദിലീപ് അറസ്റ്റിലായിരുന്നത്.

ഈ സാഹചര്യത്തില്‍ ദിലീപിന്റെ പരാതിക്ക് ഏറെ ഗൗരവമുണ്ട്.

ഇതുവരെ സര്‍ക്കാര്‍ കത്തിന്‍മേല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രസക്തഭാഗങ്ങള്‍ ചുവടെ :

1, സംസ്ഥാന പൊലീസ് മേധാവിക്കെതിരായ പരാമര്‍ശം

കേസില്‍ കുരുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞ നാള്‍ മുതല്‍ ഫോണിലൂടെയും നേരിട്ടും ഇ മെയില്‍ വഴിയും ബെഹ്റയ്ക്ക് പരാതികള്‍ നല്‍കിയിരുന്നു എല്ലാം അവഗണിച്ചു. ബെഹ്റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഞാന്‍ സംശയത്തിന്റെ നിഴലിലാകുമായിരുന്നില്ല. ബെഹ്റയുടെ ബോധപൂര്‍വമായ അലസതമൂലമാണ് ഞാന്‍ പ്രതിയായത്.

അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സെന്‍കുമാറിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എന്നെ പ്രതിയാക്കിയത്.

നാദിര്‍ഷായെ പള്‍സര്‍ സുനി ഭീഷിപ്പെടുത്തി വിളിച്ച ദിവസംതന്നെ ബെഹ്റയെ വിവരം ധരിപ്പിച്ചു. പരിപാടി അവതരിപ്പിക്കുന്നതിനായി താന്‍ അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് സഹോദരീഭര്‍ത്താവ് ബെഹ്റയ്ക്ക് ഇ മെയില്‍ വഴി പരാതിയയച്ചു. എന്നാല്‍, സുനിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ബെഹ്റ കൂട്ടാക്കിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എന്റെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ബെഹ്റ അന്വേഷണസംഘത്തിനു തന്നെ നല്‍കിയത് അതിശയകരമാണ്.

2, എ.ഡി.ജി.പി സന്ധ്യക്കെതിരായ ആരോപണങ്ങള്‍

സ്വന്തം കീര്‍ത്തി മാത്രമാണ് എ.ഡി.ജി.പി സന്ധ്യയുടെ ലക്ഷ്യം. കുറ്റവാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയ്ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കുകയാണ് സന്ധ്യയുടെ പതിവ്. എനിക്കെതിരേ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ സന്ധ്യയും സംഘവുമാണ്. ഞാനൊരു മോശക്കാരനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.

ആലുവ പോലീസ് ക്ലബ്ബില്‍ എന്നെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് അന്വേഷണസംഘം തന്നെയാണ്.

വാര്‍ത്താചാനലുകള്‍ പോലീസ് ക്ലബ്ബില്‍നിന്ന് തല്‍സമയ സംപ്രേക്ഷണം നടത്തിയതും അന്വേഷണസംഘത്തിന്റെ തീരുമാനപ്രകാരമാണ്. സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കലാഭവന്‍ മണിയുടെ മരണത്തിനുപിന്നിലും ഞാനാണെന്ന് വരുത്താന്‍ അന്വേഷണസംഘം പുതിയ കഥകളുണ്ടാക്കി. സന്ധ്യയും കൂട്ടരുമാണ് ഈ കഥകള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പരസ്?പരം പുകഴ്ത്തലാണ് സന്ധ്യയുടെയും ബെഹ്റയുടെയും ജോലി. ജിഷാ വധക്കേസ് അന്വേഷണത്തിലുള്‍പ്പെടെ ഇത് കാണാം.

പൊതുജനമധ്യത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമിട്ടാണ് അറസ്റ്റിനുശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുനടന്നത്. ഇത് മനഃപൂര്‍വം ആസൂത്രണം ചെയ്ത റോഡ് ഷോ ആയിരുന്നു. സന്ധ്യയുടെ താത്പര്യപ്രകാരം എനിക്കെതിരായ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചത് എസ്.പി സുദര്‍ശനും ഡിവൈ.എസ്.പി. സോജനുമാണ്. ഇതിനു ബെഹ്റയുടെ ആശീര്‍വാദമുണ്ട്.

എനിക്ക് ഫോണ്‍ചെയ്യാന്‍ സുനിക്ക് ജയിലില്‍ പോലീസുകാരന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്തുകൊണ്ടാണ് ഈ പോലീസുകാരനെതിരേ കേസെടുക്കാത്തത്?-
കത്തില്‍ ദിലീപ് ചോദിക്കുന്നു.

Top