ഗൗരി ലങ്കേഷ് വധം ; കേസന്വേഷണം സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം

gouri lankesh

ബെംഗളൂരു: പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ സഹോദരങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് സഹോദരന്‍ ഇന്ദ്രജിത്തിന്റെ ആവശ്യം.

അതേസമയം, നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് സഹോദരി കവിത ലങ്കേഷ്. പ്രത്യേക സംഘം ഏകപക്ഷീയമായാണ് മുന്നോട്ട് പോകുന്നതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

അന്വേഷണം ആരംഭിച്ച് അഞ്ച് മാസമായിട്ടും പുരോഗതിയില്ലെന്നും കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരന്‍ കൂട്ടിചേര്‍ത്തു. ഗൗരി ലങ്കേഷിന്റെ 56-ാം ജന്മദിനമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദ്രജിത്.

എന്നാല്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ കൊലപാതകം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്നും സഹോദരി കവിത ലങ്കേഷ് പറഞ്ഞു.

അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ സംഘം തന്നെയും അമ്മയെയും അറിയിക്കാറുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഇന്ദ്രജിത് അഭിപ്രായപ്രകടനം നടത്തുകയാണെന്നും സിബിഐ അന്വേഷണം വേണമെന്ന ഇന്ദ്രജിത്തിന്റെ ആവശ്യത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും കവിത വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ ജന്മദിനമായ ഇന്നലെ ബെംഗളൂരുവില്‍ ‘ഗൗരി ദിന’മായി ആചരിച്ചു. എന്നാല്‍ ഇന്ദ്രജിത് ചടങ്ങില്‍ പങ്കെടുത്തില്ല.

Top