രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്

petrole-rate-increase

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്തിയാലും രാജ്യത്ത് ഇന്ധന വിലയില്‍ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടിക്കൊപ്പം സംസ്ഥാന നികുതികള്‍ കൂടി ഈടാക്കുന്ന നികുതി ഘടനയെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജിഎസ്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനമായിരിക്കും പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്ക്. ഇതിനൊപ്പം സംസ്ഥാന നികുതികള്‍ ഈടാക്കാന്‍ അനുവദിക്കുന്ന വിധത്തിലാവും പുതിയ നികുതി ഘടനയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഒരിടത്തും ശുദ്ധമായ ജിഎസ്ടിയല്ല പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ഇന്ത്യയിലും ഇതു തന്നെയായിരിക്കും നടപ്പാക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിലവില്‍ പെട്രോളിനും ഡീസലിനും കേന്ദ്ര നികുതി നിശ്ചിത തുകയിലാണ് ഈടാക്കുന്നത്. ഉത്പാദന ചെലവിനു ശേഷം വരുന്ന തുകയുടെ നിശ്ചിത ശതമാനത്തില്‍ ഈടാക്കുന്ന ജിഎസ്ടി ഈടാക്കുന്നതിലൂടെ വിലയില്‍ വലിയ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ വില കുറയുന്നതിന് അനുസരിച്ചുള്ള കുറവ് പ്രതിഫലിക്കുമെങ്കിലും വര്‍ധന ഇപ്പോഴത്തേതിനേക്കാള്‍ ഭീമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Top