Didn’t name any religion or community-Sakshi Maharaj

ന്യൂഡല്‍ഹി: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണങ്ങളെ തള്ളി ബിജെപി എംപി സാക്ഷി മഹാരാജ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മറുപടി നല്‍കി. തിരഞ്ഞെടുപ്പ് റാലിയിലല്ല താന്‍ സംസാരിച്ചത് എന്നും അത് സന്യാസിമാര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു എന്നുമാണ് സാക്ഷി മഹാരാജിന്റെ മറുപടി. ഒരു സമുദായത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ സാക്ഷി മഹാരാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

മീററ്റില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് സാക്ഷി മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തു ജനസംഖ്യ വര്‍ധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ല. നാലു ഭാര്യമാരും നാല്‍പ്പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്. മുത്തലാക്ക് നടപ്പാക്കണം. ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കണം. അമ്മമാര്‍ കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ല. ഹിന്ദുക്കളായാലും മുസ്ലിംകളായാലും അമ്മമാരെ ആദരിക്കണമെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാക്കുകള്‍.

മതവികാരം വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സാക്ഷി മഹാരാജിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു.

Top