Did Sasikala manoeuvre AIADMK to emerge kingmaker?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ‘വട്ടമിട്ട്’ പറന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടങ്ങി… അണിയറയില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വരെ നിരീക്ഷിച്ച് ഐബി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

അണ്ണാഡിഎംകെയില്‍ പൊട്ടിത്തറിക്ക് സാധ്യതയുണ്ടോ ? ഉണ്ടെങ്കില്‍ എത്ര എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ സാധ്യതയുണ്ട് ? ഏതൊക്കെ നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ട്, ശശികലയുടെ സാധ്യത…. തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.

ഇതുസംബന്ധമായി കേന്ദ്രത്തിന് ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് ഇതുസംബന്ധമായി നിര്‍ണ്ണായക ആശയവിനിമയങ്ങള്‍ നടത്തുന്നത്.

ശശികലയോട് അണ്ണാഡിഎംകെ നേതാക്കള്‍ക്കും അണികള്‍ക്കും വലിയ താല്‍പര്യമില്ലെന്ന് ഇതിനകം തന്നെ രഹസ്യാന്വേഷണ വിഭാഗത്തിനും ബോധ്യപ്പെട്ടിട്ടുണ്ട്.

ജയലളിത അന്തരിച്ച ഒഴിവില്‍ ആര്‍ കെ നഗറില്‍ ശശികല മത്സരിച്ചാല്‍ വിജയിക്കുമോയെന്ന കാര്യത്തില്‍ പോലും സംശയമുണ്ട്.

മാത്രമല്ല ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദത്തിന്റെ നിജസ്ഥിതി എന്ത്തന്നെയായാലും ഈ വിഷയം ശശികല മത്സരിച്ചാല്‍ തിരഞ്ഞെടുപ്പില്‍ വലിയ പ്രചരണ വിഷയമായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വരുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും സംശയവുമില്ല.

ശശികലയുടെ നേതൃത്വത്തില്‍ ഒരു ഭരണ സംവിധാനം വേണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആഗ്രഹമെങ്കിലും ഇപ്പോള്‍ തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ സന്ദര്‍ഭത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാമെന്നുള്ള തന്ത്രമാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.

അണ്ണാഡിഎംകെ അണികള്‍ ശശികലയുടെ നേതൃത്വം അംഗീകരിക്കുകയില്ല എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ പുനരാലോചന. എന്നാല്‍ ശശികലയെ കൈവിടാന്‍ ബിജെപിക്ക് താല്‍പര്യമില്ല താനും.

നടന്‍ അജിത്തോ മറ്റോ നേതൃനിരയില്‍ വന്നാല്‍ ബിജെപിയോട് വിധേയമുണ്ടാകില്ലെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

ശശികല നേതൃസ്ഥാനത്ത് അവരോധിക്കപ്പെട്ടാല്‍ ഒരുവലിയ വിഭാഗം സമാന്തര പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന് ‘തല’ അജിത്ത് നേതൃത്വം നല്‍കുമെന്നുമാണ് അണ്ണാഡിഎംകെയിലെ സാധാരണപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

കാര്യമെന്തായാലും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ശശികല എത്തുകയും ഉപതിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച് വിജയിക്കുകയും ചെയ്താല്‍ പിന്നെ പനീര്‍ശെല്‍വത്തെ പുറത്താക്കി തമിഴ്‌നാടിന്റെ ഭരണം ശശികല സ്വന്തമാക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയനിരീക്ഷകര്‍ക്ക് പോലും രണ്ടഭിപ്രായമില്ല.

നിയമസഭാ തിരഞ്ഞെടുപ്പല്ല, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നതിനാല്‍ അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറി ഒഴിവാക്കി നേതൃമാറ്റം സുഗമമാക്കാനാണ് ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു,പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നിരന്തരമായി അണ്ണാഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണ്.

ഓരോ എംഎല്‍എമാരുടേയും നേതാക്കളുടെയും നീക്കങ്ങള്‍ നിരീക്ഷിച്ച് അതിനനുസരിച്ച മറുതന്ത്രങ്ങളാണ് ബിജെപിയും എഐഎഡിഎംകെയിലെ ഒരു വിഭാഗവും ആവിഷ്‌ക്കരിക്കുന്നത്. പാര്‍ട്ടി എംഎല്‍എമാരില്‍ നൂറ് പേര്‍ ശശികലക്കൊപ്പമാണെന്നാണ് അവരുടെ ക്യാമ്പ് അവകാശപ്പെടുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ശശികലയെ നിയോഗിച്ച് അവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനാണ് നീക്കം.

ഇതിനിടെ ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉറ്റതോഴി ശശികല കൈവശപ്പെടുത്തിയതായി തമിഴ്‌നാട്ടില്‍ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. ശശികലയുടെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുകള്‍ ആ പേരിലാക്കിയെന്നാണ് ആരോപണം. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇതിനുള്ള നീക്കം നടത്തിയെന്നും അതുവഴി സ്വത്തുകള്‍ ശശികലയുടേയും കൂട്ടാളികളുടേയും കൈവശം എത്തിയെന്നുമാണ് അഭ്യൂഹം.

അശുപത്രി കിടക്കയിലായിരുന്നപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജയലളിത സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിനുപകരം വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയത്തുതന്നെയായിരുന്നു ജയലളിതയുടെ പേരിലുള്ള സ്വത്തുക്കള്‍ ട്രസ്റ്റിന്റേയോ അല്ലാതേയോ കൈകാര്യാവകാശം ശശികല നേടിയതെന്നാണ് ആക്ഷേപം. എന്നാല്‍, ഇക്കാര്യം അണ്ണാ ഡി.എം.കെ നേതാക്കളോ സര്‍ക്കാര്‍ ഉന്നതരോ സ്ഥിരീകരിക്കുന്നില്ല.

അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടന്ന മുറിയില്‍ ഡോക്ടര്‍മാര്‍ക്കുകൂടാതെ പ്രവേശനം അനുവദിച്ചിരുന്നത് ശശികലയ്ക്ക് മാത്രമായിരുന്നു. ജയലളിതയുടെ ബന്ധുക്കളെയോ പാര്‍ട്ടിയിലേയോ മന്ത്രിസഭയിലേയോ ഉന്നതരെപ്പോലും ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത വില്‍പത്രം എഴുതിയിട്ടില്ലെന്നും തുടര്‍ന്ന് അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവകാശ തര്‍ക്കം മുറുകുമെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ശശികലയെ സംബന്ധിച്ച അഭ്യൂഹവും പുറത്തുവരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയലളിതയ്ക്ക് 117.3 കോടി രൂപയുടെ സ്വത്താണുള്ളത്. ജയലളിതയുടെ പേരിലല്ലാതെയും ചില സ്വത്തുകള്‍ കൂടിയുണ്ടെന്നും പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് നിലവില്‍ 90 കോടി രൂപയുടെ വിലയാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം ജയലളിത പുറത്താക്കിയിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ വീണ്ടും രംഗത്തെത്തി ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു തുടങ്ങിയിട്ടുണ്ട്. ജയലളിതയുടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മറീന ബീച്ചില്‍ നടരാജന്‍ മുന്‍നിരയിലുണ്ടായിരുന്നു. ജയലളിത അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോള്‍തന്നെ നടരാജന്‍ അണിയറ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നുവെന്നാണ് സൂചന. 1989 വരെ നടരാജന്‍ ജയലളിതയുടെ ഉപദേഷ്ടാവിന്റെ റോളിലായിരുന്നു.

പിന്നീട് 91ല്‍ ജയലളിത നടരാജനെ പുറത്താക്കി. രണ്ടുതവണ ശശികലയേയും ജയലളിത പുറത്താക്കിയിരുന്നു. പിന്നീടുള്ള മടങ്ങിവരവില്‍ ജയലളിതയുടെ അപ്രീതിക്ക് പാത്രമായ നടരാജനെ ഒഴിവാക്കിയായിരുന്നു ശശികലയുടെ തിരിച്ചുവരവ്. പിന്നീട് നടരാജനെക്കുറിച്ച് ആരും അറിഞ്ഞില്ല. എന്നാല്‍, ജയലളിതയുടെ മരണത്തോടെ ശക്തമായി മടങ്ങി വന്ന നടരാജന്‍ അണ്ണാഡിഎംകെയുടെ ഭാവി സംബന്ധിച്ച് വലിയ ‘ചോദ്യചിഹ്നമാണ്’ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

Top