ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ പെണ്‍പടയ്ക്ക് ധോണിയുടെ ഉപദേശം

ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന് ഉപദേശവുമായി എം.എസ് ധോണി.

ഇംഗ്ലണ്ടിനെതിരായ കലാശപ്പോരിന് ഇറങ്ങുമ്പോള്‍, വലിയൊരു മല്‍സരം കളിക്കുന്നുവെന്ന ചിന്ത ഒഴിവാക്കണമെന്നാണ് ധോണിയുടെ ഉപദേശം.

മത്സരഫലത്തെക്കുറിച്ച് അധികം ചിന്തിക്കരുത്. കളി ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യട്ടെ. സ്വാഭാവികമായ കളി പുറത്തെടുക്കാനാണ് ഓരോ താരവും ശ്രദ്ധിക്കേണ്ടതെന്നും ധോണി പറയുന്നു.

ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്. ഫൈനലിലെത്തിയത് തന്നെ മികച്ച നേട്ടമായി വേണം ടീം അംഗങ്ങള്‍ കാണേണ്ടതെന്നും ധോണി പറഞ്ഞു.

ലോകകപ്പ് കിരീടം പോലെ വലിയൊരു നേട്ടം കൈവരിക്കാന്‍ അസാധാരണമായ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അത് ഒരു ക്യാച്ചോ, റണ്ണൗട്ടോ, മികച്ചൊരു ബൗളിങ് സ്‌പെല്ലോ ആകാമെന്നും ധോണി ചൂണ്ടിക്കാട്ടുന്നു.

ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിതകളുടെ ലോകകപ്പ് ഫൈനലിലെത്തുന്നത്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ ഇടംനേടുന്നത്.

കലാശപ്പോരില്‍ നേരിടുന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചിട്ടുണ്ട് എന്നത് ഇന്ത്യയ്ക്ക് മാനസികമായ മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

Top