ദീപാവലി എത്തുമ്പോഴേക്കും പെട്രോള്‍ നിരക്ക് കുറയുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്.

കേന്ദ്ര സര്‍ക്കാരിന് വില നിയന്ത്രിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് മന്ത്രി രംഗത്തെത്തി.

ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനക്ക് എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന് പിന്നാലെ കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലക്കെതിരെ ജനരോക്ഷം ഇരമ്പിയതോടെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.

ഇതോടെയാണ് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷ നല്‍കി മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്‌കൃത എണ്ണ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നതെന്നാണ് മന്ത്രി നല്‍കുന്ന വിശദീകരണം.

ഇതിനോടകം പെട്രോള്‍ വില 80-ല്‍ എത്തിക്കഴിഞ്ഞു, മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത്.

വില കുറക്കാന്‍ ഇന്ധന നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന വിദൂര സ്വപ്നം മാത്രമാണ് പെട്രോളിയം മന്ത്രിക്കും മുന്നോട്ടുവെക്കാനുള്ളു.

Top