ഡി.ജി.പി എന്‍.സി അസ്താന പുതിയ വിജിലന്‍സ് ഡയറക്ടര്‍ ; ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

asthana

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി നിര്‍മല്‍ ചന്ദ്ര അസ്താനയെ തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

നിലവിലെ വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്താനയുടെ നിയമനം. നിലവില്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയിലാണ് അസ്താന.

1896 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അസ്താന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ബെഹ്റ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.

ഡി.ജി.പി. ആര്‍. ശ്രീലേഖ വിജിലന്‍സ് എഡിജിപി ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

Top