പൊലീസ് സംവിധാനം താറുമാറാക്കി ഡിജിപി, ക്രൈംബ്രാഞ്ച് ‘പരിഗണനയില്‍’ വന്‍ അമര്‍ഷം

bahra

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ഭരണത്തില്‍ വ്യക്തി താല്‍പ്പര്യം മുന്‍നിര്‍ത്തി ഡി.ജി.പി ലോക് നാഥ് ബഹ്‌റ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ സേനയില്‍ പ്രതിഷേധം ശക്തമാകുന്നു.

ലോക്കല്‍ പൊലീസ് അന്വേഷിക്കേണ്ട കേസുകള്‍ ക്രൈംബ്രാഞ്ചിനു വിടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി ശരിയല്ലന്ന നിലപാടാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കുള്ളത്.

ക്രമസമാധാന ചുമതലയും കേസന്വേഷണവും നടത്തുന്ന ഉദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതെ ഒരു പരാതി കിട്ടിയാല്‍ ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്ന രീതി ശരിയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

bahra

ലോക്കല്‍ പൊലീസിന് തെളിയിക്കാന്‍ പറ്റാത്ത കേസുകളും പൊലീസിന് എതിരെ ഉയരുന്ന പരാതികളും ആണ് സാധാരണ ക്രൈംബ്രാഞ്ച് അന്വേഷിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ലോക്കല്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തേണ്ട പരാതികള്‍ പോലും ക്രൈംബ്രാഞ്ചിന് വിടുകയാണ് ഡി.ജി.പി ചെയ്യുന്നതത്രേ.

ഇതിനിടെ ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ട് പരാതി സ്വീകരിക്കുന്നതായും സെന്‍സിറ്റീവായതും തനിക്ക് ‘താല്‍പര്യമുള്ളതുമായ’ കേസുകള്‍ പരാതിക്കാരെ ഡി.ജി.പിയുടെ അടുത്തേക്ക് വിട്ട് ക്രൈംബ്രാഞ്ചിന് തന്നെ കൊടുപ്പിക്കുന്നതായും ആരോപണം ഇയര്‍ന്നിട്ടുണ്ട്.

രണ്ടും മൂന്നും ഐ.ജിമാര്‍ വേണ്ട ക്രൈംബ്രാഞ്ചില്‍ ഒരു ഐ.ജി മാത്രമാണ് ഇപ്പോഴുള്ളത്. ക്രൈംബ്രാഞ്ച് മേധാവിയെ പോലും നോക്കുകുത്തിയാക്കുന്ന ഇടപെടലുകള്‍ ഇവിടെ നടക്കുന്നതായും ആക്ഷേപമുണ്ട്.

ക്രൈം കേസുകളില്‍ മാത്രമല്ല സാമ്പത്തിക തട്ടിപ്പു കേസുകളിലും ക്രൈംബ്രാഞ്ചിന്റെ പോക്ക് ശരിയല്ല.

ഗള്‍ഫ് നാടുകളില്‍ നടന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അവിടെ നടത്തേണ്ട കേസുകള്‍ ചിലര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കേരളത്തില്‍ നിന്നും വാങ്ങിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഇടപെടുന്നതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് സിസ്റ്റത്തെ തന്നെ കുഴപ്പത്തിലാക്കുന്ന നടപടികള്‍ ഡി.ജി.പി തുടരുന്നതിനെതിരെ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍.

bahra

കേരളത്തിലെ പൊലീസ് സേന രാജ്യത്തെ തന്നെ മികച്ച സേനയാണെന്നും ഡി.ജി.പിയുടെ പക്ഷാപതപരമായ നിലപാട് മൂലം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും ഭിന്നതകള്‍ നിലനില്‍ക്കുന്നതായും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

മിടുക്കരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമിക്കുന്നതിനു പകരം വ്യക്തി താല്‍പ്പര്യം നിയമനങ്ങളില്‍ ഘടകമാക്കാതെ, ശക്തനായ പൊലീസ് മേധാവിയാണെന്ന് പ്രവര്‍ത്തനത്തില്‍ ‘ബോധ്യപ്പെടുത്തിയാല്‍’ മാത്രമേ സേനയുടെ കണ്‍ട്രോള്‍ കൈയ്യില്‍ വരികയുള്ളൂവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഇതിന് ഡി.ജി.പി സത്യസന്ധനാണെന്നും പക്ഷപാതിയല്ലന്നും കീഴുദ്യോഗസ്ഥര്‍ക്ക് കൂടി ബോധ്യപെടേണ്ടതുണ്ട്. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ധ്രുതഗതിയില്‍ തന്നെ സ്വീകരിക്കുകയും വേണം.

എകെ.ആന്റണിയുടെ കാലത്തിനു ശേഷം പൊലീസിന് ഇത്രയും സ്വതന്ത്ര്യം ലഭിച്ച മറ്റൊരു കാലയളവ് കേരള പൊലീസിനില്ലെന്നും മുന്‍ പൊലീസ് മേധാവികള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: എം വിനോദ്‌

Top