പൊലീസിന്റെ വിലക്ക് ലംഘിച്ച് രാഹുല്‍ഗാന്ധി സഹാറണ്‍പൂരിലെത്തി

rahul gandhi

ന്യൂഡല്‍ഹി: സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട യുപിയിലെ സഹാറണ്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി.

ദളിതരും മേല്‍ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിന് പൊലീസ് രാഹുല്‍ ഗാന്ധിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.ഇതു വകവയ്ക്കാതെയാണ് രാഹുല്‍ സഹാറണ്‍പുരിലേക്ക് എത്തിയത്.

ബിഎസ്പി നേതാവ് മായാവതി സംഘര്‍ഷസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം സഹറണ്‍പുരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് രാഷ്ട്രീയനേതാക്കള്‍ ഇവിടം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍ രാഹുല്‍ സഹാറണ്‍പുരിലെത്തുമെന്നും പൊലീസ് എത്ര ദൂരം അദ്ദേഹത്തെ സഞ്ചരിക്കാന്‍ അനുവദിക്കുമെന്ന് നോക്കാമെന്നുമുള്ള നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.

രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും രാജ് ബബ്ബറും അദ്ദേഹത്തോടൊപ്പം സഹറണ്‍പുരിലെത്തിയിരുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തെ പൊളിറ്റിക്കല്‍ ടൂറിസം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഫോട്ടോയെടുക്കാനുള്ള അവസരം തേടിയാണ് രാഹുല്‍ സഹാറണ്‍പുരിലേക്ക് വരുന്നതെന്നും അദ്ദേഹത്തിന് ആകെയറിയാവുന്ന പണി അത് മാത്രമാണെന്നും മന്ത്രിയായ സിദ്ധാര്‍ഥ് നാഥ് സിംഗ് പരിഹസിച്ചു.

മേല്‍ജാതിക്കാരായ രജപുത് വിഭാഗക്കാരും ദളിതരും തമ്മില്‍ ഏറ്റുമുട്ടാന്‍ ആരംഭിച്ചതോടെയാണ് സഹാറണ്‍പുര്‍ ദേശീയശ്രദ്ധയിലെത്തുന്നത്. രജപുത്രരാജാവായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മദിനത്തോടനുബന്ധിച്ച് രജപുത്രര്‍ നടത്തിയ ആഘോഷത്തിനെതിരെ പ്രദേശത്തെ ദളിതര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇതില്‍ പ്രകോപിതരായ ചിലര്‍ ദളിത് വിഭാഗക്കാര്‍ക്ക് നേരെ ആക്രമണം നടത്തി. ഇതോടെ ബിഎസ്പി നേതാവ് മായാവതി സഹാരണ്‍പുരിലെത്തുകയും റാലി നടത്തുകയും ചെയ്തു. എന്നാല്‍ ഈ റാലി ആരംഭിക്കും മുന്‍പേ പ്രദേശത്തെ രജപുത്രരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ഇതിന് പ്രതികാരം ചെയ്യാന്‍ വാളും തോക്കുമായെത്തിയ രജപുത്രര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വന്‍തോതില്‍ സുരക്ഷാസേനയെ വിന്യസിക്കുകയും. രാഷ്ട്രീയനേതാക്കള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു.

Top