നോട്ട് അസാധുവാക്കല്‍; ഭീകരര്‍ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’ നിലനില്‍പ്പിന് ബാങ്ക് കൊള്ള !

ന്യൂഡല്‍ഹി: 500- 1000 രൂപ നോട്ട് അസാധുവാക്കിയത് സംബന്ധിച്ച് രാജ്യത്ത് രണ്ട് അഭിപ്രായമുണ്ടെങ്കിലും ഭീകരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തായാലും സംശയമുണ്ടാകില്ല !

‘എട്ടിന്റെ പണി’യാണ് പാക് ഭീകരര്‍ക്ക് നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കിട്ടിയിരിക്കുന്നത്.

പാക്കിസ്ഥാനില്‍ അച്ചടിച്ച പഴയ ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ ഉപയോഗിച്ച് ‘തട്ടിപ്പ് ‘നടത്താന്‍ പറ്റാത്തതിനാല്‍ കാശ്മീരില്‍ കുഴപ്പം സൃഷ്ടിക്കുന്ന തീവ്ര വിഭാഗങ്ങള്‍ക്ക് നോട്ടുകള്‍ എത്തിക്കാന്‍ കഴിയാതെ വട്ടം കറങ്ങുകയാണ് ഭീകരര്‍.

നുഴഞ്ഞ് കയറിയവര്‍ക്ക് ഇന്ത്യന്‍ കറന്‍സി സംഘടിപ്പിക്കുന്നതിനായി തുടര്‍ച്ചയായി ബാങ്കുകള്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിടുന്നത്.

കഴിഞ്ഞ ദിവസം രണ്ട് സംഭവങ്ങളിലായി രണ്ട് ബാങ്കുകളാണ് ഭീകരര്‍ കൊള്ളയടിച്ചത്.

വാഹി ബഗ് ഗ്രാമത്തിലെ എല്ലാഖ്വായ് ദേഹതി ബാങ്കും ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കിന്റെ നെഹാമ ബ്രാഞ്ചിലുമാണ് കൊള്ള നടന്നത്. രണ്ടിടത്തു നിന്നുമായി 5,65,000 രൂപ ഭീകരര്‍ കൊള്ളയടിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കുല്‍ഗാമില്‍ പണവുമായി പോയ വാഹനം തടഞ്ഞ് ഭീകരര്‍ കൊള്ളയടിച്ചിരുന്നു. ഈ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

കള്ളപ്പണ്ണക്കാരെ കുരുക്കുക എന്നതിലുപരി ഭീകരര്‍ വന്‍തോതില്‍ ശേഖരിച്ച പാക് നിര്‍മ്മിത ഇന്ത്യന്‍ കറന്‍സികള്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

ഒറ്റ രാത്രി കൊണ്ട് കടലാസിന്റെ വില പോലും ഇല്ലാതായ 1000, 500 രൂപ നോട്ടുകള്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന ശക്തികള്‍ക്കും ‘പണിയാക്കിയത് പൊലീസിനും സേനാ വിഭാഗങ്ങള്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ ഏറെകുറേ എളുപ്പമാക്കിയിട്ടുണ്ട്.

വ്യാപകമായ റെയ്ഡുകളും മറ്റ് പരിശോധനകളും അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലീസും സേനയും ശക്തമായി തുടരുകയാണിപ്പോള്‍.

പാക്കിസ്ഥാന് ഉചിതമായ സമയത്ത് തീരുമാനിക്കുന്ന സ്ഥലത്ത് തിരിച്ചടി നല്‍കുമെന്നാണ് സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കുന്ന പാക്ക് സൈന്യവും അതിര്‍ത്തിയില്‍ സേനാ വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വീണ്ടും ഇന്ത്യ പാക് മണ്ണില്‍ കയറി ആക്രമിച്ച് തിരിച്ച് പോകുന്നത് ചിന്തിക്കാന്‍ പോലും കഴിയാതിരിക്കുന്ന പാക്ക് സേനക്ക് ഇന്ത്യ മിസൈല്‍ ആക്രമണം നടത്തുമോ എന്ന ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിതാവിന്റെ തലയറുത്തതിന് പകരമായി അന്‍പത് പാക് സൈനികരുടെ തലകളാണ് വീരമൃത്യു വരിച്ച ബി എസ് എഫ് ജവാന്റെ മകള്‍ ഇന്ത്യന്‍ സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറാവട്ടെ എന്ത് നടപടി സ്വീകരിക്കാനും സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്.

Top