Demonetised currency seized from former corporator’s house

ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ട ‘ബോംബ് നാഗ’ എന്ന പേരില്‍ അറിയപ്പെടുന്ന വി.നാഗരാജിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 40 കോടിയോളം രൂപയുടെ അസാധുനോട്ടുകള്‍ പിടിച്ചെടുത്തു.

നാഗരാജിന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് പഴയ 500, 1000 രൂപാ നോട്ടുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്. നാഗരാജിന്റെ അസാന്നിധ്യത്തിലായിരുന്നു പരിശോധന. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി ഇയാളുടെ വീട് പരിശോധിക്കാന്‍ ഉത്തരവിട്ടത്.

കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇയാള്‍ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പണം സൂക്ഷിച്ച സ്ഥലത്ത് സിസിടിവി സ്ഥാപിച്ചിരുന്നു. ഈ മുറിക്കു ചുറ്റും ഇരുമ്പു ഗേറ്റുകളും സുരക്ഷാ ഭിത്തികളും സ്ഥാപിച്ചാണ് പണം സംരക്ഷിച്ചിരുന്നത്.

കോടതി നിര്‍ദേശമനുസിച്ച് വീടു പരിശോധിക്കാനെത്തിയ പൊലീസ് സംഘം, പണം സൂക്ഷിച്ചിരുന്ന മുറി തുറക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് ഇരുമ്പു പൂട്ടുകള്‍ തകര്‍ക്കുന്നതില്‍ വിദഗ്ധരായവരെയും സ്ഥലത്തെത്തിച്ചിരുന്നു.

സ്ഥലത്തെ പ്രധാന ഗുണ്ട കൂടിയായ ബോംബ് നാഗ, ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുള്ളയാളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും ഇയാള്‍ മല്‍സരിച്ചിരുന്നു.

Top