ഡല്‍ഹി പൊലീസ് ആയത് തരൂരിന്റെ ‘ഭാഗ്യം’ കേരള പൊലീസെങ്ങാന്‍ ആയിരുന്നുവെങ്കില്‍

Shashi Tharoor

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിക്കെതിരെ കേസെടുത്ത സല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നത് കേന്ദ്ര ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന.

പത്തുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ട തരൂരിനെ പലവട്ടം ചോദ്യം ചെയ്ത ഡല്‍ഹി പൊലീസ് പക്ഷേ അറസ്റ്റിലേക്ക് മാത്രം കടന്നിരുന്നില്ല.

തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇനി ജയിലില്‍ പോകാതെ തന്നെ വിചാരണ നേരിടാനുള്ള ‘ഭാഗ്യ’മാണ് ശശിതരൂരിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

തരൂരിന് നല്‍കിയ ഈ ആനുകൂല്യം സാധാരണക്കാരനായിരുന്നു പ്രതിയെങ്കില്‍ നല്‍കുമായിരുന്നുവോ എന്ന ചോദ്യത്തിനും ഡല്‍ഹി പൊലീസിനും കേന്ദ്ര സര്‍ക്കാറിനും മിണ്ടാട്ടമില്ല.

കോണ്‍ഗ്രസ്സ് എം.പിയായ ശശി തരൂര്‍ എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. കോടതി കുറ്റപത്രം അംഗീകരിച്ച ഉടനെ തന്നെ ധാര്‍മ്മികത മുന്‍നിര്‍ത്തി തരൂര്‍ രാജിവയ്‌ക്കേണ്ടതായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

Shashi Tharoor

ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവുമാണ് തരൂരിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. സാധാരണക്കാരനായിരുന്നു തരൂരിന്റെ സ്ഥാനത്തെങ്കില്‍ ഉടന്‍ തന്നെ ആറസ്റ്റ് ചെയ്ത് തുറങ്കലിലടക്കപ്പെടുമായിരുന്ന വകുപ്പാണിത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒളിച്ചോടി പോകില്ലന്ന് ഉറപ്പുണ്ടായിട്ടും അദ്ദേഹത്തെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി തുറങ്കലിലടച്ച കേരള പൊലീസിന്റെ കയ്യില്‍ തരൂരിന്റെ കേസ് വരാതിരുന്നത് ഭാഗ്യം.

ഡല്‍ഹി പൊലീസിന്റെ നിലപാട് വച്ചു നോക്കുകയാണെങ്കില്‍ ദിലീപിനെയൊന്നും ഒരിക്കലും അറസ്റ്റ് ചെയ്യാന്‍ പാടില്ലാത്തതാണ് !

ബി.ജെ.പി- കോണ്‍ഗ്രസ്സ് നേതൃത്വങ്ങളില്‍ പല കാര്യങ്ങളിലും ചില ‘ഒത്തുകളികള്‍’ ഉണ്ടെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നത് കൂടിയാണ് തരൂര്‍ കേസ്.

ബി.ജെ.പിക്ക് തലവേദനയായ എം.പി സുബ്രമണ്യസ്വാമി വിടാതെ പിന്‍തുടര്‍ന്നതുകൊണ്ടാണ് ഡല്‍ഹി പൊലീസിന് ഗത്യന്തരമില്ലാതെ കോടതിയില്‍ തരൂരിനെതിരെ കുറ്റപത്രം നല്‍കേണ്ടി വന്നതെന്ന് വിശ്വസിക്കുന്നവരാണ് ഇന്ദ്രപ്രസ്ഥത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെല്ലാം.

സാധാരണഗതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗത്തേയും വിചാരണയില്‍ കുറ്റക്കാരനല്ലന്ന് കണ്ട് പിന്നീട് വിചാരണ കോടതികള്‍ വെറുതെ വിടാറുണ്ട്.

dileep

അറസ്റ്റിലാകപ്പെട്ടതിനെ തുടര്‍ന്നുണ്ടാകുന്ന മാനക്കേട്, ജയിലിലെ ദുരിത ജീവിതം, മര്‍ദ്ദനം, സാമ്പത്തിക തകര്‍ച്ച, തുടങ്ങി ഏറ്റ തിരിച്ചടികള്‍ക്കും അനുഭവിച്ചതിനുമൊന്നും ഒരു പരിഹാരവുമില്ലാതെയാണ് അവര്‍ പിന്നീട് പുറം ലോകം കാണാറ്.

സ്വന്തമായതെല്ലാം കള്ളക്കേസിനാല്‍ നഷ്ടപ്പെട്ട നിരവധി പേര്‍ രാജ്യത്തുണ്ട്. എന്നാല്‍ ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണ് അറസ്റ്റ് രേഖപ്പെടുത്തുക എന്നതിനാല്‍ നിയമപരമായ പരിരക്ഷ പ്രതികളെ വെറുതെ വിട്ടാലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മിക്കവാറും കിട്ടാറുണ്ട്.

അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇതിനു നടപടി നേരിടേണ്ടി വരാറുള്ളത്. അതും ‘പ്രതി’ ഭാഗം വിടാതെ നിയമനടപടി തുടര്‍ന്നാല്‍ മാത്രം. ഇങ്ങനെ സാധാരണക്കാരായ അനവധി പേര്‍ കേസില്‍ പ്രതികളായി നിര്‍ദാക്ഷിണ്യം തുറങ്കലിലടക്കപ്പെടുന്ന രാജ്യത്താണ് സുനന്ദ പുഷ്‌ക്കര്‍ മരണത്തില്‍ തെളിവുകളോടെ കുറ്റപത്രം നല്‍കപ്പെട്ടിട്ടും ശശി തരൂര്‍ വ്യത്യസ്തനാകുന്നത്.

Top