ആം ആദ്മി സമരം ; ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

aam-aadmi

ന്യൂഡല്‍ഹി: ലഫ്.ഗവര്‍ണറുടെ വീടിനു മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മറ്റ് മന്ത്രിമാരും നടത്തി വന്ന സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി.

സമരത്തില്‍ പങ്കെടുത്ത ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സമരം എട്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശീതസമരം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

ഇതിനിടെ അരവിന്ദ് കെജരിവാളിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കെജ്രിവാളിന്റെ സമരത്തിനെതിരായി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.

Top