Defamation: Dileep legal action against media

കൊച്ചി: അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നൽകിയ മുഴുവൻ മാധ്യമങ്ങൾക്കുമെതിരെ നടൻ ദിലീപ് മാനനഷ്ടത്തിന് കേസ് നൽകും. ഉടൻ തന്നെ ഇതു സംബന്ധമായി ഡിജിപിക്കും പരാതി നൽകും.

സിവിലായും ക്രിമിനലായും കേസ് നൽകാനാണ് തീരുമാനം. തനിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ‘ചില കേന്ദ്രങ്ങൾ’ വേട്ടയാടുന്നതെന്നാണ് ദിലീപ് പറയുന്നത്.

ജനപ്രിയ താരത്തിന്റെ ജനപ്രീതി തകർക്കാനുള്ള ബോധപൂർവ്വമായ ഇടപെടലുകളാണ് നടക്കുന്നതെന്ന് ദിലീപിന്റെ സുഹൃത്തുക്കളും ചൂണ്ടിക്കാട്ടി.

പൊലീസ് നടിയെ ആക്രമിച്ച പ്രതികളെ മുഴുവൻ പിടികൂടി എല്ലാ വസ്തുതകളും പുറത്ത് കൊണ്ടു വന്നതിനു ശേഷം ദിലീപിനെതിരായ ഗൂഢാലോചന ഏത് കേന്ദ്രത്തിലാണ് നടത്തിയതെന്ന് പരിശോധിക്കണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെടുന്നു.

നേരത്തെ ദിലീപ് പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിൽ നടിക്ക് നേരെയുണ്ടായ ദാരുണമായ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

സിനിമാ വ്യവസായത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരെ സിനിമാസംഘടനകളുടെ പിന്തുണയോടെ ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിർബന്ധപ്രകാരം ആ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതിന്റെ പേരിൽ ‘ചിലർ ‘ തന്നെ ക്രൂശിക്കുകയാണെന്നാണ് ദിലീപ് പ്രധാനമായും ആരോപിക്കുന്നത്.

Top