ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബാബരി മസ്ജിദ് ഭൂമി തര്‍ക്കമുള്‍പ്പടെ, സുപ്രധാനമായ പല കേസുകള്‍ക്കും ദീപക് മിശ്രയുടെ കാലത്ത് തീര്‍പ്പുണ്ടാകും.

കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറക്കുന്നതുള്‍പ്പടെ നിരവധി വെല്ലുവിളികളും ദീപക് മിശ്രയെ കാത്തിരിപ്പുണ്ട്.

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചും സിനിമാ തിയ്യേറ്ററുകളില്‍ ദേശിയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനില്‍ക്കണമെന്ന് വിധിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ ജഡ്ജിയാണ് ദീപക് മിശ്ര.

ജെ എസ് ഖെഹാര്‍ വിരമിച്ചതോടെയാണ് ദീപക് മിശ്ര ഇന്ത്യയുടെ 45 ആമത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുന്നത്. 13 മാസം നീണ്ടുനില്‍ക്കുന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ പല സുപ്രധാനകേസുകളും ദീപക് മിശ്രയുടെ മുന്നിലെത്തും.

ആധാര്‍ കാര്‍ഡിന്റെ സാധുത മുതല്‍ ബാബരി മസ്ജിദ് ഭൂമി തര്‍ക്കമുള്‍പ്പടെ നിര്‍ണായകമായ പലകേസുകളും ഇവയില്‍ ഉള്‍പ്പെടും.

ഖെഹാര്‍ വിരമിച്ചതോടെ ആധാര്‍ കേസ് പരിഗണിക്കുന്ന ഭരണഘടാബെഞ്ചിന് പുതിയ അധ്യക്ഷനെ നിയമിക്കണം. ഇതിന് പുറമെ കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ യുടെ സാധുത പരിശോധിക്കുന്നതിന് ഭരണഘടനാ ബെഞ്ചും ദീപക്മിശ്രയ്ക്ക് സ്ഥാനമേറ്റശേഷം രൂപീകരിക്കണം.

സ്വകാര്യത കേസിലെ വിധി ആര്‍ട്ടിക്കിള്‍ 377 ന് എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് തീര്‍പ്പാക്കാനും ഭരണഘടനാ ബെഞ്ചിന് ഉടന്‍ രൂപം നല്‍കേണ്ടതുമുണ്ട്.

പുതിയ ജഡ്ജിമാരുടെ നിയമനത്തിന് പുതിയ സംവിധാനം ഒരുക്കാന്‍ മുന്‍ഗാമികള്‍ക്ക് സാധിക്കാതെപോയപ്പോള്‍ ദീപക് മശ്രയ്ക്ക് എന്ത്‌ചെയ്യാനാകുമെന്നും രാജ്യം ഉറ്റുനോക്കുന്നു. രാജ്യത്ത് കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കുക, കീഴ്‌കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുക തുടങ്ങിയവയും പുതിയ ചീഫ് ജസ്റ്റിസിനു മുന്നിലെ വെല്ലുവിളികളാണ്.

Top