Debit card fraud: SBI on alert, ask customers to access its own ATM network

sbi

മുംബൈ: രാജ്യത്തെ ബാങ്കിംങ് സംവിധാനത്തിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്ന് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

നിലവിലെ ആശങ്കകള്‍ പരിഹരിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നത് വരെ ഇക്കാര്യം ശ്രദ്ധിക്കണമെന്നും എസ്ബിഐ പറയുന്നു.

ആറ് ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകളാണ് പത്ത് ദിവസത്തിനുള്ളില്‍ എസ്ബിഐ മാറ്റി നല്‍കാന്‍ ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകളാണ് ഇവയെന്നും എസ്ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഏഴ് മുതല്‍ പത്ത് വരെ ദിവസമാണ് കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ നിശ്ചയിച്ച സമയപരിധി എന്ന് എസ്ബിഐ കൊല്‍ക്കത്ത സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പര്‍ത്ഥ പ്രതീം സെന്‍ഗുപ്ത വ്യക്തമാക്കി.

സുരക്ഷിതമായ ഇടപാടുകള്‍ക്കായി മറ്റ് ബാങ്കുകളുടെ എടിഎം മെഷീനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കള്‍ വിട്ടു നില്‍ക്കണമെന്നും കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കാര്‍ഡുകളില്‍ സുരക്ഷാവീഴ്ച ഉള്ളതായി കാര്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനികളായ എന്‍പിസിഐ, വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവര്‍ ഇന്ത്യയിലെ ബാങ്കുകളെ അറിയിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

മാല്‍വെയറാണ് കാര്‍ഡുകളിലെ സുരക്ഷാ വീഴ്ചയ്ക്ക് കാരണം. ഇപ്പോഴുണ്ടായ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 1.3 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് എന്‍പിസിഐ പറയുന്നത്.

ഇന്ത്യയിലെ സ്വകാര്യബാങ്കുകള്‍ക്കായി ഹിറ്റാച്ചി പെയ്‌മെന്റ് സര്‍വ്വീസ് നല്‍കിയ എടിഎം മെഷീനുകളില്‍ നിന്നാണ് ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നത്.

Top