കാട്ടുകള്ളന്‍മാരെ സംരക്ഷിക്കുന്ന കൊള്ളത്തലവനായി മുഖ്യമന്ത്രി മാറിയെന്ന് ഡീന്‍ കുര്യാക്കോസ്‌

തിരുവനന്തപുരം: കാട്ടുകള്ളന്‍മാരെ സംരക്ഷിക്കുന്ന കൊള്ളത്തലവനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

കായല്‍ കയ്യേറ്റ വിഷയത്തില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡീന്‍.

സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കൈമാറ്റം ചെയ്യുകയും വിറ്റുതുലക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വിമുഖത കാട്ടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രവി പിള്ളയ്ക്കും തോമസ് ചാണ്ടിയ്ക്കും പിവി അന്‍വറിനും തന്നിഷ്ടം പോലെ സൗകര്യമൊരുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരായ സമരങ്ങള്‍ തുടരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ചാണ് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിന്റെ ഗേറ്റ് ഉപരോധിച്ചു.

തോമസ് ചാണ്ടി ഉടന്‍ രാജി വയ്ക്കണമെന്നും അല്ലങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

 

Top