കേന്ദ്ര സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ യുവാക്കളുടെ പങ്ക് അനിവാര്യമാണെന്ന് ഡീന്‍

Dean Kuriakose

വടകര : വര്‍ഗീയ ധ്രുവീകരണം നടത്തി രാജ്യത്ത് ഭിന്നത സൃഷ്ടിക്കുകയും, യുവാക്കളെ വഞ്ചിക്കുകയും ചെയ്ത മോദി സര്‍ക്കാരിനെതിരെ 2019 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ യുവാക്കളുടെ പങ്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലിമെന്റ് മണ്ഡലം പ്രതിനിധി സമ്മേളനം വടകര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ജാതി പറഞ്ഞ് ഭിന്നതയുണ്ടാക്കി സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതരത്തിന്ന് കളങ്കം വരുത്തി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ജഡ്ജിമാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. രാജ്യത്തിന്റെ മതേതരത്തിന് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ യുവാക്കള്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ഡീന്‍ പറഞ്ഞു.

സംസ്ഥാനത്ത് ബാര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നേരത്തെ നല്‍കിയ കടപ്പാടിന് പ്രത്യുപകരാമായാണ് എല്ലായിടത്തും ബാര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top