‘യോഗി അസഭ്യം പറഞ്ഞു’; ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ദലിത് എംപി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത ആരോപണവുമായി ബിജെപിയിലെ ദലിത് എംപി. യോഗി തന്നെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ഛോട്ടേ ലാല്‍ എംപിയുടെ പരാതി. ഇത് സംബന്ധിച്ച് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ റോബര്‍ട്‌സ് ഗഞ്ചില്‍നിന്നുള്ള ലോകസഭാംഗമാണ് 45 കാരനായ ഛോട്ടേ ലാല്‍.

ബിജെപിക്കെതിരെ രാജ്യത്തുടനീളം ദലിത് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ദലിത് എംപി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരും ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തോട് വലിയ വിവേചനം കാണിക്കുന്നുവെന്നാണ് ഛോട്ടേലാല്‍ പരാതിയില്‍ പറയുന്നത്. പാര്‍ട്ടി പോലും തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, സുനില്‍ ബന്‍സാല്‍ എന്നിവരെ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നുണ്ട്. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനെതിരെയും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടിക്കകത്തുള്ള എല്ലാ സാധ്യതകളും താന്‍ പരീക്ഷിച്ചെന്നും എന്നാല്‍ എല്ലാം തന്നെ തളര്‍ത്തിയെന്നും ഛോട്ടേലാല്‍ പറയുന്നു. ഒരു തെറ്റും ചെയ്യാത്ത തനിക്കെതിരെ എന്തിനാണ് വിവേചനമെന്നും അദ്ദേഹം ചോദിക്കുന്നു. എംപിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Top