പനീര്‍ശെല്‍വത്തിനു വേണ്ടി ധനമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഡി ജയകുമാര്‍

ചെന്നൈ: അണ്ണാഡിഎംകെയില്‍ പനീര്‍ശെല്‍വ വിഭാഗവും പളനിസാമി വിഭാഗവും ഒന്നിക്കാന്‍ ചര്‍ച്ചകള്‍ തുടരവെ രാജിസന്നദ്ധത അറിയിച്ച് ധനമന്ത്രി ഡി ജയകുമാര്‍.

വിമത നേതാവായ പനീര്‍ശെല്‍വത്തിന് തിരികെ മന്ത്രിസഭയിലെത്താന്‍ ധനമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി ആരെങ്കിലും പദവികള്‍ ഒഴിയേണ്ടതുണ്ടെങ്കില്‍ അത് ഞാനാവാം. എന്റെ പദവി ഒപിഎസിനു വേണ്ടി ഒഴിയാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.

അണ്ണാഡിഎംകെ ഔദ്യോഗിക ലയനചര്‍ച്ച റോയപേട്ടയിലെ അണ്ണാഡിഎംകെ ആസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് എന്ത് വില കൊടുത്തും ഒപിഎസ് പക്ഷത്തെ ഒപ്പംനിര്‍ത്താന്‍ സന്നദ്ധത പ്രകടപ്പിച്ച് പളനിസാമി മന്ത്രിസഭയിലെ അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. ഒപിഎസ് വിഭാഗത്തിന്റെ എല്ലാ ഡിമാന്റുകളും കേള്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എടപ്പാടി പളനിസാമി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന് ഡിണ്ടിഗല്‍ ശ്രീനിവാസനും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഒപിഎസ് വിഭാഗത്തിന് നല്‍കില്ലെന്ന സൂചനയാണ് ഇതോടെ പളനിസാമി വിഭാഗം മുന്നോട്ടുവെക്കുന്നത്.

ഒപിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് ഒപിഎസ് പക്ഷം ശക്തമായി ഉന്നയിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പളനിസാമിയെ ജനറല്‍ സെക്രട്ടറിയാക്കാമെന്നാണ് പകരമായി പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ സൂചിപ്പിക്കുകയാണ് മറ്റ് പ്രധാനവകുപ്പുകള്‍ നല്‍കാമെന്ന വാഗ്ദാനത്തിലൂടെ.പാര്‍ട്ടി ട്രഷറര്‍ സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ഒപിഎസ് പക്ഷത്തിന് നല്‍കി തടിതപ്പാമെന്നാണ് ഇപിഎസ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

Top